രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും വിട്ടുനിന്ന് ശശി തരൂര്‍

Dec 12, 2025 - 10:53
 0  5
രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും വിട്ടുനിന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ്സ് ലോക്‌സഭാ എം പിമാരുടെ യോഗം ബഹിഷ്‌കരിക്കുന്നത് തുടര്‍ന്ന് ശശി തരൂര്‍. ഇത് മൂന്നാം തവണയാണ് തരൂര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്ന ജോണ്‍ കോശിയുടെ വിവാഹം, സഹോദരി സ്മിത തരൂരിന്റെ ജന്മദിനം എന്നീ കാരണങ്ങള്‍ പറഞ്ഞാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

 ഡിസംബര്‍ 19 ന് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബി ജെ പിക്കെതിരായ ആക്രമണങ്ങള്‍ ഏത് വിധത്തില്‍ വേണമെന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും മറ്റുമാണ് കോണ്‍ഗ്രസ്സിന്റെ 99 എം പിമാരെയും യോഗത്തിന് ക്ഷണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ തരൂര്‍ നടത്തിയതില്‍ കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ പാര്‍ട്ടി വിളിച്ചുചേര്‍ക്കുന്ന യോഗങ്ങള്‍ തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ നവംബര്‍ 18, 30 തീയതികളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. സോണിയാ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നാണ് തരൂര്‍ വിട്ടുനിന്നത്.