ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; സിനഗോഗിന് മുന്നിലെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് ന്യൂയോർക്ക് മേയർ മംദാനി
ന്യൂയോർക്ക്: ക്വീൻസിലെ സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതിനെ ശക്തമായി അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ഇത്തരം തീവ്രവാദ അനുകൂല പ്രസ്താവനകൾക്ക് ന്യൂയോർക്ക് നഗരത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ അസംബ്ലി ഫോർ ലിബറേഷൻ എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു വിവാദമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.
പ്രതിഷേധത്തിനിടെ ഉയർന്ന ചില മുദ്രാവാക്യങ്ങൾ അങ്ങേയറ്റം തെറ്റാണെന്ന് മംദാനി ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചു. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഹമാസിനെ പ്രത്യേകമായി അപലപിക്കുന്നില്ല എന്ന വിമർശനം ഉയർന്നതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അദ്ദേഹം തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി.
“തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾ നമ്മുടെ നഗരത്തിൽ അനുവദിക്കില്ല,” മംദാനി കുറിച്ചു. മംദാനിയെക്കൂടാതെ ന്യൂയോർക്കിലെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും ഹമാസ് അനുകൂല മുദ്രാവാക്യങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.