അയോധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണം നടത്തി പ്രധാനമന്ത്രി മോദി

Nov 25, 2025 - 13:29
 0  7
അയോധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണം നടത്തി പ്രധാനമന്ത്രി മോദി

അയോധ്യ: ഭഗവാൻ ശ്രീരാമൻ്റെ ക്ഷേത്രനിർമ്മാണം പൂർത്തിയായതിനെ തുടർന്ന്, രാമക്ഷേത്രത്തിൻ്റെ പ്രധാന ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നിർവഹിച്ചു. 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ധ്വജസ്തംഭത്തിലാണ് കാവി പതാക ഉയർത്തിയത്.

അയോധ്യയിൽ റോഡ് ഷോയായെത്തിയ പ്രധാനമന്ത്രി, ധ്വജാരോഹണത്തിന് മുൻപ് ക്ഷേത്രത്തിൽ ദർശനവും ആരതിയും നടത്തി. വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, വാത്മീകി, അഹല്യ, ശബരി, ഗുഹൻ എന്നിവരെ പ്രതിനിധീകരിക്കുന്ന സപ്തമന്ദിറിലും ശേഷാവതാർ മന്ദിർ, മാതാ അന്നപൂർണ്ണ മന്ദിർ എന്നിവിടങ്ങളിലും ദർശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം രാമക്ഷേത്രത്തിലെ പ്രധാന ചടങ്ങിനായി എത്തിയത്.

ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.

ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ച പതാകയ്ക്ക് പത്തടി ഉയരവും ഇരുപത് അടി നീളവുമുണ്ട്. ത്രികോണാകൃതിയിലുള്ള ഈ കൊടിയിൽ ഓം, ഉദയസൂര്യൻ, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. കൂടുതൽ കാലം നിലനിൽക്കുന്നതിന് വേണ്ടി പാരച്യൂട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഈ പതാകയും നിർമ്മിച്ചിരിക്കുന്നത്.