കോണ്ഗ്രസില് കുടുംബവാഴ്ചയെന്ന വിമര്ശം; തരൂരിനെതിരെ ഹൈക്കമാന്ഡ്
ന്യൂഡല്ഹി :കോണ്ഗ്രസില് കുടുംബവാഴ്ചയെന്ന് പരസ്യ വിമര്ശനമുന്നയിച്ച കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവും മുതിര്ന്ന നേതാവുമായ ശശി തരൂര് എംപിയുടെ നടപടിയില് ഹൈക്കമാന്ഡിന് കടുത്ത അതൃപ്തി. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ല. തിരഞ്ഞെടുപ്പ് അടുത്തവേളയില് നേതാക്കള് പ്രകോപനപരമായ പരാമര്ശങ്ങള് ഒഴിവാക്കണമെന്നും കോണ്ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്കി.
നെഹ്റു കുടുംബത്തെ അടക്കം പരാമര്ശിച്ചു കൊണ്ട് പ്രൊജക്ട് സിന്ഡിക്കേറ്റിലാണ് ശശി തരൂര് കുടുംബവാഴ്ചയ്ക്കെതിരെ ലേഖനമെഴുതിയത്. നെഹ്റു മുതല് പ്രിയങ്ക ഗാന്ധി വരെയുള്ളവരെ ലേഖനത്തില് തരൂര് വിമര്ശിക്കുന്നുണ്ട്. പരിചയത്തിനേക്കാള് പാരമ്പര്യത്തിന് മുന്ഗണന നല്കുന്ന രീതി ശരിയല്ല എന്നും തരൂര് ലേഖനത്തില് അഭിപ്രായപ്പെടുന്നു. കുടുംബാധിപത്യം പുലര്ത്തുന്നവര്ക്ക് പ്രകടനം മോശമായാല് ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാന് നിയമപരമായ പരിഷ്കരണം കൂടി വേണമെന്നും തരൂര് ലേഖനത്തില് ആവശ്യപ്പെടുന്നു