സിഡ്‌നി ബോണ്ടി ബീച്ച് വെടിവയ്പ്: പ്രതിക്ക് ഹൈദരാബാദുമായി അടുത്ത ബന്ധം

Dec 18, 2025 - 16:59
 0  2
സിഡ്‌നി ബോണ്ടി ബീച്ച് വെടിവയ്പ്: പ്രതിക്ക് ഹൈദരാബാദുമായി അടുത്ത ബന്ധം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിലെ പ്രതികൾക്ക് ഹൈദരാബാദുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതി സാജിദ് അക്രം (50) ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ മകൻ നവീദ് അക്രമാണ് (24) ആക്രമണത്തിൽ പങ്കെടുത്ത രണ്ടാമത്തെയാൾ.

സാജിദ് അക്രം 1998-ലാണ് തൊഴിലന്വേഷിച്ച് ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഹൈദരാബാദിൽ നിന്ന് ബികോം ബിരുദം പൂർത്തിയാക്കിയ ശേഷമായിരുന്നു ഇയാൾ വിദേശത്തേക്ക് പോയത്. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സാജിദ്, യൂറോപ്യൻ വംശജയായ വെനീറ ഗ്രോസോ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇവർക്ക് നവീദ് എന്ന മകനും ഒരു മകളുമുണ്ട്. മക്കൾ രണ്ടുപേരും ഓസ്‌ട്രേലിയയിൽ ജനിച്ചവരും അവിടുത്തെ പൗരത്വമുള്ളവരുമാണ്. എന്നാൽ സാജിദ് അക്രം ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ടാണ് കൈവശം വെച്ചിരുന്നതെന്ന് തെലങ്കാന പോലീസ് വ്യക്തമാക്കി.

യൂറോപ്യൻ യുവതിയെ വിവാഹം കഴിച്ചതിനെത്തുടർന്ന് സാജിദിന്റെ ഹൈദരാബാദിലുള്ള കുടുംബം ഇയാളുമായുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 27 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇയാൾ ഇന്ത്യ സന്ദർശിച്ചത്. ''2001-ൽ, ഭാര്യയെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താൻ ഹൈദരാബാദിൽ എത്തി. വീട്ടുകാർ അവരുടെ നിക്കാഹ് നടത്തി. 2004-05-ൽ, മകൻ നവീദിനൊപ്പം ടോളിചൗക്കിയിലെ വീട് സന്ദർശിച്ചു. തന്റെ മകനെ മാതാപിതാക്കൾ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് വന്നത്," ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാജിദിന്റെ അച്ഛൻ 2009-ൽ മരിച്ചു. 2012 ലും 2016 ലും ഹൈദരാബാദിൽ എത്തിയത് തന്റെ പൂർവ്വിക സ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ്. 

സാജിദിന്റെ തീവ്രവാദ നിലപാടുകളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നാണ് ഹൈദരാബാദിലെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. സാജിദ് അക്രമിനും മകനും ഐഎസ്ഐഎസ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നുവെന്നാണ് ഓസ്‌ട്രേലിയൻ അധികൃതർ സംശയിക്കുന്നത്. എന്നാൽ ഇയാളുടെ തീവ്രവാദപ്രവർത്തനത്തിൽ ഇന്ത്യയ്ക്കോ തെലങ്കാനയ്ക്കോ യാതൊരു പങ്കുമില്ലെന്നും, ഇയാൾ വിദേശത്ത് വെച്ചാണ് ഇത്തരത്തിലുള്ള ആശയങ്ങളിലേക്ക് എത്തിയതെന്നും തെലങ്കാന ഡിജിപി ബി.ശിവധർ റെഡി വ്യക്തമാക്കി.