കണ്ണൂരിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

Jan 19, 2026 - 09:16
 0  3
കണ്ണൂരിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 21ന് ശിക്ഷാ വിധി പറയും.

തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് കേസിലെ പ്രതികൾ. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഫെബ്രുവരി 17-നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഒരു തിരോധാനമായി കരുതിയ കേസ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

തയ്യിൽ സ്വദേശികളായ ശരണ്യയുടെയും പ്രണവിന്റെയും മകനായിരുന്നു വിയാൻ. സംഭവ ദിവസം പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തന്നെയായിരുന്നു പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി. കാമുകനോടൊപ്പം ജീവിക്കാൻ കുഞ്ഞ് ഒരു തടസമാകുമെന്ന് കരുതി അമ്മയായ ശരണ്യ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.