ശ്രദ്ധ: കവിത , എം.തങ്കച്ചൻ ജോസഫ്     

ശ്രദ്ധ: കവിത , എം.തങ്കച്ചൻ ജോസഫ്     
                
വിടരുവാൻ കൊതിച്ചൊരു ചെമ്പനീർപ്പൂവ് നീ
അടരുവാൻ വിധിച്ചവർ നടമാടുന്നു.
അടരാടിനിൽക്കുവാനറിയാത്ത പെൺമനം
അടവിയിലടിതെറ്റി വീണുപോയോ...
ശബളമോഹങ്ങളാം മലർവാടിതന്നിലായ്
ചിറകടിച്ചെത്രയോ പാട്ടുമൂളി...
നിറമുള്ളകനവിന്റെ ചിലമ്പൊലിപ്പാട്ടുകൾ
ബധിരകർണ്ണങ്ങളിൽ വീണുടഞ്ഞു..
മാറാലമൂടുന്ന മാറാമനസ്സുകൾ
വലനെയ്തു വിലയിട്ടുകാത്തിരിപ്പൂ
കാഠിന്യമേറുന്ന കാരിരുമ്പാണികൾ
വാക്കിന്റെ മുനകളിൽ രാകിവെച്ചു..
തളിരിട്ടമാനസ്സ ഋതുപനീർപ്പൂവിനെ നീ
തടവറക്കുള്ളിൽ കൊരുത്തതില്ല
മൃദുലമനസ്സിന്റെ തന്ത്രികൾ പൊട്ടി നീ
മൗനത്തിൻ ചെപ്പിൽ തനിച്ചിരുന്നു..
തച്ചുതകർത്തൊരു കൊച്ചരിപ്പൂവ് നീ
മരണത്തിൻ മണിയറവാതിൽതുറന്നു
മാഞ്ഞുപോയെങ്കിലും മാറ്റൊലിപ്പാട്ടുമായ്
വിദ്യാങ്കണങ്ങളിൽ നീ പൂത്തുനില്പ്പൂ