നിശബ്ദത: കവിത ,   മഞ്ജു ഗണേഷ് 

നിശബ്ദത:  കവിത ,   മഞ്ജു ഗണേഷ് 
എറിഞ്ഞതൊക്കെയും അങ്ങനെ തന്നെ ഉള്ളിലേക്ക് എടുക്കും
ഒരു അസ്വസ്ഥതയും ഉടലെടുക്കുകയില്ല
മൊത്തം ഭാരവും ഒരു സൂചനയും ഇല്ലാതെ ദഹിപ്പിക്കും
ആ നിശബ്ദത പരിഭാഷപ്പെടുത്താൻ പാടുപെടുകയാണ്
ദൂരെയേതോ മലമുകളിൽ
സ്വയം മറഞ്ഞിരിക്കുന്ന
ഒച്ചയില്ലാത്ത കാട്ടരുവി പോലെ
 
ശിഖരങ്ങളിൽ നിന്ന് അടർന്നുവീണ്
 
മർമ്മരം പുറപ്പെടുവിക്കുന്ന കരിയിലയുടെ ഭാരവും
 
ചരിഞ്ഞുവീണ് മുഴുകുന്ന ചൂടു പാറയുടെ ഭാരവും
 
നീരുറവ പോലെയുള്ള
നിശബ്ദതയ്ക്കു മുൻപിൽ
ഒരുപോലെയാണ്
നിശ്ചലതയെ നേർപ്പിക്കാതെ
ഒരിറ്റു തുളുമ്പാതെ
നിരന്തരം തോൽപ്പിച്ചു കൊണ്ടിരിക്കുന്നു