ചെനാബ് ആർച്ച് പാലത്തിൽക്കൂടിയുള്ള വന്ദേ ഭാരത് ട്രെയിനിൻറെ കന്നി യാത്രയിലെ ആദ്യ മലയാളി കുടുംബം

Jun 15, 2025 - 07:45
Jun 15, 2025 - 10:56
 0  652
ചെനാബ് ആർച്ച് പാലത്തിൽക്കൂടിയുള്ള വന്ദേ ഭാരത് ട്രെയിനിൻറെ കന്നി യാത്രയിലെ ആദ്യ മലയാളി കുടുംബം

(ജൂൺ ആറിന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉത്‌ഘാടനം നിർവഹിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവേ ആർച്ച് പാലത്തിൽകൂടെ ജൂൺ ഏഴിനുള്ള കന്നി വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള ഭാഗ്യം ലഭിച്ച ആദ്യ മലയാളി, ഗുരുഗ്രാം ഹോളിഡേ ഇൻ ഹോട്ടൽ ഐറ്റി മാനേജരും മല്ലപ്പള്ളി വെസ്റ്റ് പള്ളിക്കൽ കുടുംബാന്ഗവുമായ പ്രദീപ് നൈനാൻ കുര്യൻ തന്റെ അനുഭവം വിവരിക്കുന്നു.)

1) എങ്ങനെ ആണ് വന്ദേ ഭാരത് ട്രെയിനിൽ ആദ്യ യാത്രക്കാരിൽ ഒരാൾ ആകാൻ സാധിച്ചത്?

ഞാൻ കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ ആണ് ജോലി ചെയുന്നത്. ഡെൽഹിൽ വന്നപ്പോൾ മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു കാശ്‌മീർ സന്ദർശിക്കുക എന്നുള്ളത്.  അതിൽ തന്നെ ജമ്മു മുതൽ ശ്രീനഗർ വരെ റോഡ് ട്രിപ്പ് ആയിരിക്കണം എന്നും ഉണ്ടായിരുന്നു.  പലപ്പോഴും പ്ലാൻ ചെയ്‌തെങ്കിലും പിന്നത്തേ ക്കു മാറ്റി വയ്‌ക്കേണ്ടി വന്നു.  

ഈ വർഷം കുട്ടികളുടെ വേനൽക്കാല അവധിക്ക് എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു.  അതിനുള്ള പ്രധാന കാരണം, മകൻറെ 10 കഴിഞ്ഞുള്ള തുടർ പഠനം തന്നെ. നീണ്ട യാത്ര പിന്നീട് സാധ്യമല്ലാതായി വരും.

ഫെബ്രുവരിയിൽ തന്നെ മെയിലേക്കുള്ള ടിക്കറ്റ് എടുക്കുകയും ട്രാവൽ ഏജന്റിനെ കൊണ്ട് പ്രാദേശിക കാഴ്ചകൾ, താമസ സൗകര്യം ഉറപ്പാക്കുകയും ചെയ്തു. 

മാർച്ച് മുതൽ വാർത്ത വന്നു തുടങ്ങി കത്ര-ശ്രീനഗർ റെയിൽ ഗതാഗതം ഉടൻ ആരംഭിക്കുമെന്ന്.  അന്നേ  ഞാൻ തീരുമാനിച്ചിരുന്നു ഒരു ഭാഗത്തേക്കുള്ള  യാത്ര ഈ ട്രെയിനിൽ ആയിരിക്കും എന്ന്.  

എന്നാൽ ഉത്‌ഘാടനം പല തവണ മാറ്റി വച്ചു.  അതിനിടയിൽ പഹൽഗാം ആക്രമണം കൂടെ വന്നപ്പോൾ യാത്ര റദ്ദാക്കാൻ പല ഭാഗത്തുനിന്നും സമ്മർദ്ദം ഉണ്ടായി. എന്തായാലും ഞാൻ പ്ലാൻ ചെയ്ത പോലെ മെയ് 22 നു തന്നെ പോകാൻ തീരുമാനിച്ചു.  എന്നാൽ പോകുന്നതിന് 2 ദിവസം മുൻപ് മകൻ പേടിച്ചു പിന്മാറി. അവൻ Plus 1 പ്രവേശനത്തിന്  തിരിച്ചു നാട്ടിൽ പോയി കഴിഞ്ഞിട്ട് ഞങ്ങൾ പോയാൽ മതിയെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.

ആദ്യം വിഷമം തോന്നിയെങ്കിലും അവസാന നിമിഷം ഞങ്ങൾ യാത്ര ജൂണിലേക്കു മാറ്റി. കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചു കത്ര-ശ്രീനഗർ റെയിൽ ഗതാഗതം ഉടനെ സംഭവ്യമല്ല എന്നും തോന്നി.  

ജൂൺ രണ്ടിന് 6 ദിവസത്തെ യാത്രക്ക് ഞങ്ങൾ 3 പേർ കാശ്മീരിന് യാത്ര തിരിച്ചു. ഡൽഹി-കത്ര വന്ദേ ഭാരത്,  കത്ര-ശ്രീനഗർ റോഡ് മാർഗ്ഗം - ഇതായിരുന്നു പ്ലാൻ.

ജൂൺ 5-നു വാർത്ത കണ്ടു മോദിജി അടുത്ത ദിവസം കത്ര-ശ്രീനഗർ വന്ദേ ഭാരത് ഉത്‌ഘാടനം ചെയ്യുന്നു എന്ന്. അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു മടക്ക യാത്രയുടെ ശ്രീനഗർ-കത്ര  ഭാഗം (190 km, 3 മണിക്കൂർ) പുതിയ ട്രെയിനിൽ ആയിരിക്കും എന്ന്. അതനുസരിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു.

2) ആദ്യ യാത്രയ്ക്ക് എത്തിയപ്പോൾ ഉള്ള ഫീൽ എന്തായിരുന്നു?

പലപ്പോഴും വാർത്തകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും വന്ദേ ഭാരത് ട്രെയിനുകളുടെ കന്നി യാത്രയുടെ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല നമ്മൾക്കും ഇങ്ങനെ ഒരു അവസരം  കിട്ടുമെന്ന് . അതും ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ റെയിൽ പദ്ധതിയിലെ ആദ്യ മലയാളി യാത്രക്കാരിൽ ഒരാൾ ആകുക എന്നത്. അത് കൊണ്ട് തന്നെ ആവേശം അതിരു കടന്നിരുന്നു. 

സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ നൂറുകണക്കിന് ന്യൂസ് ചാനലുകൾ, വ്‌ളോഗർമാർ. ഇതിലെല്ലാം ഉപരി യാത്രക്കാരുടെ  അമിതാവേശം. അങ്ങനെ മൊത്തം ഒരു അടിപൊളി ഫീൽ ആയിരുന്നു.

3) ട്രെയിൻ യാത്രയിലെ കാഴ്ചകൾ എന്തൊക്കെ ആയിരുന്നു?

ശ്രീനഗർ മുതൽ ബനിഹാൽ സ്റ്റേഷൻ വരെ ഉള്ള റൂട്ട് മുഴുവൻ കശ്‍മീരിലെ നെൽപ്പാടങ്ങളും കൃഷിയിടങ്ങളും ആണ് കാണുക.  ബനിഹാൽ കഴിഞ്ഞാൽ, 80% യാത്രയും തുരങ്കങ്ങൾ വഴിയാണ്. അതും കിലോമീറ്ററുകൾ നീളമുള്ള തുരങ്കങ്ങൾ. ഒരു മലയിൽ നിന്നും അടുത്തതിലേക്ക് മാറി മാറി ഉള്ള തുരങ്കങ്ങൾ. കയറിയപ്പോൾ മുതൽ ഉള്ള ആകാംഷ ആയിരുന്നു ചെനാബ് പാലവും ഉയരത്തിൽ രണ്ടാം സ്ഥാനത്തുള്ള അഞ്ചി ഖാദ്‌  പാലവും കാണുക എന്നത്.  

കത്ര അടുക്കുമ്പോഴാണ് ഈ 2 പാലങ്ങളിലൂടെ ട്രെയിൻ കടന്നു പോകുന്നത്. അത് നമ്മളെ കോരിത്തരിപ്പിക്കുകയും ഇന്ത്യയെ കുറിച്ച് അഭിമാനം തോന്നിപ്പിക്കുന്ന നിമിഷങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.

4) പഹൽഗാം ആക്രമണം വാർത്തകൾ കണ്ടു പലരും കാശ്മീർ കാശ്മീർ യാത്ര  റദ്ദാക്കുന്നു. ഇതേപ്പറ്റി എന്താണ് പറയാനുള്ളത് ?

കാശ്മീരിൽ ഉണ്ടായതു ഒരു ആക്രമണം ആണ്, ഒരു കലാപം അല്ല. ഇങ്ങനെയുള്ള ഭീകരാക്രമണം അപ്രീതീക്ഷമായി ഏതു സ്ഥലത്തും ഉണ്ടാവാം. ഇത്തരത്തിലുള്ള ഒരു ആക്രമണം കാരണം അവിടേക്കുള്ള യാത്ര മാറ്റി വയ്‌ക്കേണ്ടതില്ല. എല്ലാ 2 കിലോമീറ്റർ ദൂരത്തിലും CRPF/മിലിറ്ററി പോസ്റ്റുകളുണ്ട്. ഭയക്കേണ്ടതായി ഒന്നും എനിക്ക് തോന്നിയില്ല.

5) കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? 

അവിടെ ഉള്ള വലിയ ഒരു സമൂഹം ടൂറിസത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അവിടേയ്ക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായതു.  ഏപ്രിൽ മുതൽ ജൂൺ വരെ ഉള്ള സമയം ആണ് അവിടെ ടൂറിസത്തിന്റെ പീക്ക് സമയം.  

ഈ ഒരു ആക്രമണം കൊണ്ട് തന്നെ  ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ ഒരു ഇടിവാണ് ഉണ്ടായത്.  അത് കൊണ്ട് തന്നെ ടൂറിസവുമായി ബന്ധപ്പെട്ടുള്ള ടാക്സികൾ, ഗൈഡുകൾ, ഹോട്ടലുകൾ, ബോട്ട് ഹൗസുകൾ, ചെറുകിട കച്ചവടക്കാർ തുടങ്ങി വലിയ ഒരു സമൂഹത്തിനു വലിയ നഷ്ടങ്ങൾ ഉണ്ടായി. 

കഴിഞ്ഞ വർഷത്തെ ടൂറിസത്തിലെ വർധന കണ്ടു പലരും പുതിയ ടാക്സികളും ബോട്ടുകളും വാങ്ങി. ഹോട്ടലുകൾ നവീകരിച്ചു. ഇപ്പോൾ അതിനുള്ള emi  അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആണ്.

6) കാശ്മീരിനെപ്പറ്റി എല്ലാവരോടും എന്താണ് പറയാൻ ഉള്ളത്?

ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെ ആണ് കാശ്മീർ.  ഇപ്പോൾ അത് ചെയുക ആണെങ്കിൽ അത് അവിടുത്തു ആളുകൾക്കു  ഒരു വലിയ പിന്തുണ ആയിരിക്കും, അതുപോലെ തന്നെ അധികം ആൾത്തിരക്കില്ലാതെ എല്ലാ സ്ഥലങ്ങളും പോയി കാണുവാനും സാധിക്കും.

Instagram video link: ↓

Vande bharat Srinagar to Katra first trip
https://www.instagram.com/reel/DKmlOsIyOpo/?igsh=MXA4c3pmc2R4Yzhjbw==

With Sajad Ahmad, who saved multiple lives during the Kashmir terrorist attack. He was awarded by many state governments, including Kerala.