യുക്രൈൻ ഡ്രോൺ ആക്രമണം; റഷ്യൻ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം

സോച്ചി: യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ സോച്ചി എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തം. റഷ്യയുടെ തെക്കുപടിഞ്ഞാറൻ നഗരമായ സോച്ചിയിലാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ തീപിടിത്തം റിപ്പോർട്ട് ചെയ്തത്. റഷ്യ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി യുക്രൈൻ റഷ്യയിലെ എണ്ണ, വാതക സൗകര്യങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് സോച്ചിയിലെ ഡ്രോൺ ആക്രമണ വാർത്ത പുറത്തുവന്നത്.
കഴിഞ്ഞ രാത്രിയിലാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ ആരോപിച്ചു. ഡ്രോൺ ആക്രമണം മൂലമാണ് സോച്ചി എണ്ണ സംഭരണ ശാലയിൽ തീപിടിത്തമുണ്ടായതെന്നാണ് മോസ്കോ കുറ്റപ്പെടുത്തുന്നത്. ഡ്രോൺ അവശിഷ്ടങ്ങൾ ഇന്ധന ടാങ്കിൽ പതിച്ചതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായെന്നും 127 അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചതെന്നും ക്രാസ്നോദർ മേഖല ഗവർണർ വെനിയാമിൻ കോന്ദ്രോതിയേവ് പറഞ്ഞു. തീ പിടിത്തത്തെ തുടർന്ന് സോച്ചിയിലെ വിമാനത്താവളം താൽക്കാലികമായി അടച്ചു.
യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ 2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഒരു ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും സോച്ചി മേയർ ആന്ദ്രേ പ്രോഷുനിൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ 93 യുക്രൈൻ ഡ്രോണുകളെ തങ്ങൾ പ്രതിരോധിച്ചെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.