കേരളത്തിലെ എസ്ഐആർ കരട് പട്ടിക; ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകളിൽ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി. അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
നിലവിൽ പട്ടികയിൽ നിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 22 വരെയായിരുന്നു ഇതിനുള്ള സമയപരിധി.
പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടുന്നത് പരിഗണിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.