സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരേ വഞ്ചനാ കുറ്റത്തിന് കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പൊലീസ്. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നൽകിയ പരാതിയിലാണ് ഷാനിനെതിരേ കേസെടുത്തത്. ജനുവരിയിൽ 23 ന് ഷാൻ റഹ്മാന്‍റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്‍റ് കൊച്ചിയിൽ സംഘടിപ്പിച്ച ഉയിരെ എന്ന പേരിൽ സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും.
സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറയായിരുന്നു. ഇതിൽ 38 ലക്ഷം രൂപയാണ് അറോറയ്ക്ക് ചെലവായത്. എന്നാൽ ഒരു രൂപ പോലും തിരികെ നൽകിയില്ലെന്നാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജു വ്യക്തമാക്കുന്നത്