പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു: കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാൻ' ഗാനത്തിലെ തല കീഴായി മറിയുന്ന സെറ്റിൻ്റെ ശില്പി
മലയാളത്തിലെ ആദ്യ ത്രീ ഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ്റെ കലാസംവിധായകൻ കെ ശേഖർ (72)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ശ്രദ്ധേയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് കെ ശേഖർ. മലയാളത്തിലെ ആദ്യ എം എം ചലച്ചിത്രമായ പടയോട്ടത്തിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചുകൊണ്ടാണ് കെ ശേഖർ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. 1982 നവോദയ സ്റ്റുഡിയോസിൻ്റെ ഭാഗമായ കെ ശേഖർ മലയാളത്തിലെ ആദ്യ ത്രീഡി ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന് വേണ്ടി കലാ സംവിധാനം ഒരുക്കി.
ആലിപ്പഴം പെറുക്കാൻ എന്ന് തുടങ്ങുന്ന പ്രശസ്തമായ ഗാനത്തിലെ തല കീഴായി മറിയുന്ന സെറ്റിൻ്റെ രൂപകൽപ്പന കെ ശേഖർ ആയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ ലൂടെ കെ ശേഖറിൻ്റെ കലാ സംവിധാന മികവ് ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ടു. ഫാസിൽ സംവിധാനം ചെയ്ത നോക്കത്ത ദൂരത്ത് കണ്ണും നട്ട്, പലേരിയുടെ ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. കമൽഹാസൻ അഭിനയിച്ച മലയാള ചിത്രം ചാണക്യനിലും കെ ശേഖർ കലാ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
കെ ശേഖറിൻ്റെ കരിയറിലെ ശ്രദ്ധേയമായ സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ തന്നെയാണ്. സംവിധായകൻ ജിജോയുടെ ആശയത്തിന്മേൽ കെ ശേഖർ സൃഷ്ടിച്ചെടുത്തതാണ് മൈ ഡിയർ കുട്ടിച്ചാത്തൻ്റെ അത്ഭുതലോകം.
കേരള സർവകലാശാലയിൽ നിന്ന് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശേഷമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് വണ്ടി കയറിയ കെ ശേഖരൻ്റെ തട്ടകമായത് നവോദയ സ്റ്റുഡിയോയും. 1982 മുതൽ 1994 വരെ അദ്ദേഹം മലയാള സിനിമയിൽ സജീവമായിരുന്നു.
ദീർഘനാളായി തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടു കൂടിയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം അല്പസമയത്തിനുള്ളിൽ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.