'ബുൾഡോസർ രാജ്' പരാമർശം: മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ പിണറായി വിജയന് മറുപടിയുമായി ഡി.കെ ശിവകുമാർ
ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംഭവത്തെ 'ബുൾഡോസർ രാജ്' എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ടാണ് ഡി.കെ ശിവകുമാറിന്റെ മറുപടി.
പൊതുഭൂമി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിയമപരമായ നടപടികളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി. മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങൾ തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും പിണറായി വിമർശിച്ചിരുന്നു.
കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.
ഇതൊരു ക്വാറി കുഴിയാണെന്നും വളരെയധികം അപകടകരമായ സ്ഥലമാണിതെന്നും ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശിവകുമാർ പറഞ്ഞു. അവർ നിയമവിരുദ്ധമായി കൈവശപ്പെടുത്താൻ ശ്രമിച്ച സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി അവകാശപ്പെട്ടു. വസ്തുതകൾ അറിയാതെ പ്രസ്താവനകൾ നടത്തരുതെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന രാഷ്ട്രീയ തന്ത്രങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു.
"ഇത് ബുൾഡോസർ രാജല്ല. തടാകങ്ങളും കാനകളും ബഫർ സോണുകളും കൈയേറി നിർമ്മിച്ച അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുകയാണ്. നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണ്. കുടിയിറക്കപ്പെട്ട വ്യക്തികൾക്ക് സാധുവായ രേഖകൾ ഉണ്ടെങ്കിൽ സർക്കാർ അവർക്ക് വീടുകൾ അനുവദിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ലക്ഷക്കണക്കിന് വീടുകൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ ബാധിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ സർക്കാർ ഭൂമി കൈവശപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, ഡി.കെ ശിവകുമാർ വ്യക്തമാക്കി.