ഉണരൂ... പക്ഷി.".ലേപക്ഷി" യാത്രാവിവരണം; ലാലി രംഗനാഥ്

Feb 1, 2025 - 20:08
 0  38
ഉണരൂ... പക്ഷി.".ലേപക്ഷി" യാത്രാവിവരണം; ലാലി രംഗനാഥ്

ആന്ധ്രപ്രദേശിലെ  ലേപക്ഷിയിലേക്ക് ഒരു യാത്ര പോകാം.. കൂടുന്നോ...

 ഡിസംബറിലെ ഒരു തണുപ്പുള്ള പ്രഭാതത്തിലാണ് ഞാനും ഭർത്താവും ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള ലേ പക്ഷി നഗരത്തിലെ വീരഭദ്ര ക്ഷേത്രം സന്ദർശിക്കാനായി പുറപ്പെട്ടത്. ബാംഗ്ലൂരിൽ നിന്നും 120 കിലോമീറ്ററോളമുള്ള ഹൈവേ യാത്ര വളരെ സുഖകരമായിരുന്നു.. കുർനൂൽ, ഗൂട്ടി തുടങ്ങിയ സ്ഥലങ്ങളുടെ ബോർഡുകൾ പിന്നിട്ട് ഞങ്ങൾ ഹിന്ദു പൂരിൽ എത്തുമ്പോൾ സമയം ഒൻപതരയോട് അടുത്തിരുന്നു.  ഹൈവേ യാത്ര അവസാനിപ്പിച്ച് അവിടെനിന്നും  20 കിലോമീറ്റർ  ഉള്ളിലായി സ്ഥിതിചെയ്യുന്ന ലേ പക്ഷിയിലെത്താൻ ചെറു ഗ്രാമങ്ങളെയും  നാട്ടുവഴികളെയും, കൃഷിയിടങ്ങളെയും താണ്ടണമെന്നത് എന്നിൽ ഏറെ കൗതുകമുണർത്തിയ ഒന്നായിരുന്നു. ഗ്രാമ കാഴ്ചകൾ എന്നും എനിക്ക് പ്രിയങ്കരങ്ങളാണ്.
 ആന്ധ്രപ്രദേശിലെ അനന്തപൂരിലെ ലേ പക്ഷി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വീരഭദ്ര ക്ഷേത്രത്തിനു മുന്നിൽ എത്തി നിൽക്കുമ്പോൾ കേട്ടറിവ് മാത്രമുള്ള അവിടുത്തെ ശില്പ ചാരുത എന്നിൽ വിസ്മയം ഉണർത്തി. ഒരു ശില്പകലാ പ്രണയിനിയെ മോഹിപ്പിക്കുന്ന അത്ഭുത കാഴ്ചകൾ..
 ഈ ക്ഷേത്രം ശിവന്റെ ഉഗ്രമായ വീരഭദ്ര അവതാരത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. 700 അടിയോളം ഉയരമുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിവന്റെ വാഹനമായ നന്ദിയുടെ  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശില്പം ഒരു ചെറിയ കുട്ടിയുടെ കൗതുകത്തോടെ നോക്കി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലിംഗത്തെ കാത്തുസൂക്ഷിക്കുന്ന ദിവ്യ സർപ്പത്തിന്റെ ഏഴ് തലയുള്ള ശില്പം മറ്റൊരത്ഭുത കാഴ്ചയായിരുന്നു.
 വിസ്മയങ്ങളുടെ കലവറ തന്നെയായ ക്ഷേത്രത്തിലെ നിലം തൊടാത്ത തൂണുകൾ എന്നെ ഏറെ ആകർഷിച്ച ഒന്നായിരുന്നു. ആ തൂണുകൾക്കിടയിൽ നിഗൂഢത നിറഞ്ഞുനിൽക്കുന്നത് പോലെ എനിക്ക് തോന്നി. തൂണിനടിയിലൂടെ ഒരു വലിയ തൂവാല ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് വലിച്ചെടുക്കുമ്പോൾ ഒരു ജേതാവിന്റെ ഭാവമുണ്ടായിരുന്നു എനിക്ക്. അത്ഭുതങ്ങളിൽ ഒന്നായി എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് ആ തൂണുകളുടേത്.
 അവിടുത്തെ വിശേഷങ്ങൾ ഒരു ചെറിയ വിവരണത്തിലൂടെ അവസാനിക്കുന്നില്ല.
കാഴ്ചകൾ എല്ലാം നടന്നു കണ്ട ശേഷം ഉച്ചയോടു കൂടി, ഏകദേശം രണ്ടര മണി ആയിട്ടുണ്ടാവും, ക്ഷേത്രത്തിനു പുറത്ത് കടന്ന് സന്ധിക്ക് തയ്യാറാവാത്ത  വിശപ്പിന്റെ വിളി അവസാനിപ്പിക്കാൻ തീരുമാനിച്ചു, തൊട്ടടുത്ത് കണ്ട ചെറിയ ഒരു റസ്റ്റോറന്റിൽ കയറി.ചോറും" ചേപ്പാ പുളുസു"( പുളി അധിഷ്ഠിതമായ ഒരു മീൻ കറിയാത്രേ )മീൻ കറിയും കഴിച്ച്  മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ .. ഒരു ലഘു പുസ്തകം.. ലേ പക്ഷി ചരിത്രം വാങ്ങാനും ഞാൻ മറന്നില്ല.
 ആ പുസ്തകത്തിൽ നിന്നും അറിഞ്ഞ ചില അറിവുകൾ..
 വീരഭദ്ര ക്ഷേത്രം എന്ന സൗന്ദര്യത്തിന് അപ്പുറം നഗരം നിരവധി കാഴ്ചകൾ പ്രദാനം ചെയ്യുന്നുണ്ടത്രേ. ഈ പട്ടണം അതിന്റെ മനോഹരമായ കലംകാരി ശൈലിയിലുള്ള വസ്ത്ര നിർമ്മാണത്തിന് പ്രശസ്തമാണ്. കൂടാതെ പരമ്പരാഗതമായ പാവകളിക്കും,പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച  തടി കളിപ്പാട്ടങ്ങൾക്കും പേരുകേട്ടതും..
 ബാംഗ്ലൂരിലേക്കുള്ള മടക്കയാത്രയിലും ആ വിസ്മയ കാഴ്ചകൾ എന്റെ  കണ്ണിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു.ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.. പുതിയ പുതിയ അറിവുകൾ പകർന്നു നൽകുന്നു യാത്രകൾ.. എന്റെ ലേ പക്ഷി യാത്രയും അവിസ്‌മരണീയം.

ലാലി രംഗനാഥ്
തുടരും... ലെപക്ഷിയുടെ ചരിത്രങ്ങളിലൂടെ....