ഫ്യുവൽ കൺട്രോൾ സ്വിച്ചിന് തകരാർ ; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ ബോയിങ് വിമാനം തിരിച്ചിറക്കി

Feb 2, 2026 - 16:36
 0  7
ഫ്യുവൽ കൺട്രോൾ സ്വിച്ചിന് തകരാർ ; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ ബോയിങ് വിമാനം തിരിച്ചിറക്കി

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് യാത്ര റദ്ദാക്കി നിലത്തിറക്കി. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിലെ (Fuel Control Switch) തകരാറാണ് യാത്ര തടസ്സപ്പെടാൻ കാരണമായത്.

എൻജിൻ പ്രവർത്തിപ്പിച്ചു തുടങ്ങിയ ഘട്ടത്തിൽ ഇന്ധന സ്വിച്ച് 'റൺ' മോഡിൽ നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് തനിയെ മാറുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിന്റെ സർവീസ് അടിയന്തരമായി റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ബോയിങ് 787-8 വിമാനത്തിലെ ഈ സ്വിച്ച് തകരാറിനെക്കുറിച്ച് നിർമാതാക്കളായ ബോയിങ്ങുമായി ചേർന്ന് വിശദമായ പരിശോധനകൾ നടത്തിവരികയാണെന്നും പ്രശ്നം മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു