ഡൽഹി സ്ഫോടനത്തിൽ മരണം 13: കാർ ഉടമ കസ്റ്റഡിയിലെന്ന് സൂചന, കേരളത്തിലും സുരക്ഷ ശക്തമാക്കി

Nov 10, 2025 - 19:39
 0  6
ഡൽഹി സ്ഫോടനത്തിൽ മരണം 13: കാർ ഉടമ കസ്റ്റഡിയിലെന്ന് സൂചന, കേരളത്തിലും  സുരക്ഷ ശക്തമാക്കി

ഡൽഹി: ഡൽഹി സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ. കാറിന്റെ ആദ്യ ഉടമയെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഹരിയാന രജിസ്ട്രേഷൻ കാറാണ് പൊട്ടിത്തെറിച്ചത്. കാറിന്റെ ആദ്യ ഉടമയാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന വിവരം. ഹരിയാന സ്വദേശിയാണ് ഇയാൾ.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. 23 ൽ അധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഡൽഹി യ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് പോലീസ് സുരക്ഷാ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പോലീസ് പരിശോധന തുടരുകയാണ്. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് ഉറപ്പാക്കണമെന്നാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന മറ്റു പൊതുസ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കണം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തണമെന്നും ഡിജിപി നിർദ്ദേശിച്ചു. ഈ നിർദ്ദേശങ്ങൾ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് കൈമാറിയിട്ടുണ്ട്