ഡ്രോൺ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ശരണ്യ; നാല് ദിവസവും കഴിഞ്ഞത് ഭക്ഷണമില്ലാതെ

Apr 5, 2026 - 18:17
 0  6
ഡ്രോൺ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ശരണ്യ;  നാല് ദിവസവും കഴിഞ്ഞത്  ഭക്ഷണമില്ലാതെ

കുടക്: വനത്തിൽ അകപ്പെട്ട ശരണ്യ നാല് ദിവസവും കഴിഞ്ഞത് വെള്ളവും ഭക്ഷണവുമില്ലാതെ. തന്നെ തിരഞ്ഞ് ഡ്രോൺ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ശരണ്യ പറഞ്ഞു. ഇക്കാരണത്താൽ ഡ്രോണിന് തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ തുറസ്സായ സ്ഥലത്താണ് താൻ നിലയുറപ്പിച്ചതെന്നും ശരണ്യ പറഞ്ഞു. ശരണ്യയെ തിരികെ കൊണ്ടു വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളിൽ അവർ ഉത്സാഹവതിയാണ്. 4 ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞത് വലിയ ക്ഷീണമൊന്നും ശരണ്യയിൽ വരുത്തിയിട്ടില്ല.

ഒരു വളവ് തിരിഞ്ഞ് വന്നപ്പോൾ കൂടെയുണ്ടായിരുന്നവരെ കാണാനില്ലായിരുന്നെന്ന് ശരണ്യ പറഞ്ഞു. താഴേക്ക് വീണ്ടും ഇറങ്ങിച്ചെന്നപ്പോൾ എത്തിപ്പെട്ടത് കൊടുംവനത്തിലാണെന്ന് മനസ്സിലായി. താഴേക്ക് വീണ്ടും ഇറങ്ങിയതോടെ നെറ്റുവർക്ക് പൂർണമായും നഷ്ടമായി. പിന്നീട് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ചാർജ് തീർന്ന് ഓഫായി. വൈകീട്ട് വരെ താന്‍ പറ്റാവുന്നിടത്തോളം നടന്നു. പിന്നീട് ഒരു അരുവിയും പാറകളും കണ്ടപ്പോൾ അവിടെ നിലയുറപ്പിച്ചു.

കോഴിക്കോട് നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടതോടെ വലിയ ആശങ്കയാണ് കേരളത്തിലും കർണാടകത്തിലും വളർന്നത്. കുടകിലെ തടിയൻഡമോൾ മലനിരകളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഏത് ദിശയിലേക്കും മൂന്ന് മണിക്കൂർ നടന്നാൽ പുറത്തേക്കുള്ള ഏതെങ്കിലുമൊരു വഴിയിൽ എത്തിച്ചേരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ആറ് പ്രധാന പ്രവേശനമാർഗ്ഗങ്ങളുണ്ട് ഈ വനത്തിൽ. എന്നാൽ ശരണ്യ ഈ റിസ്കിന് നിന്നില്ല. പകരം ഡ്രോൺ വരുന്നത് പ്രതീക്ഷിച്ച് കാത്തു നിന്നു.

പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിക്കുകയാണ് താൻ ചെയ്തതെന്ന് ശരണ്യ പറഞ്ഞു. ഡ്രോണിന്റെ വരവ് പ്രതീക്ഷിച്ചെങ്കിലും ഇത്രയും വലിയൊരു തെരച്ചിൽ ദൗത്യം നടന്നുവെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശരണ്യ വ്യക്തമാക്കി.

സാധാരണ ആളുകൾ കടന്നു ചെല്ലാത്ത ഇടത്തായിരുന്നു ശരണ്യയെന്ന് നാട്ടുകാർ പറയുന്നു. ശരണ്യയെ കണ്ടെത്തിയ തെരച്ചിലിന് നേതൃത്വം നൽകിയ വനംവകുപ്പ് റെസ്ക്യൂ ടീം നേരെ വിരാജ്പേട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനകളിൽ ശരണ്യ ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചാൽ ഇന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയും. ശരണ്യ ഇതിനകം തന്നെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

നാദാപുരം സ്വദേശിനിയായ ശരണ്യ കൊച്ചിയില്‍ സോഫ്റ്റ് വെയര്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ശരണ്യ മുമ്പും ഇത്തരം ട്രെക്കിങ്ങുകളും യാത്രകളുമെല്ലാം  നടത്തിയിട്ടുണ്ട്.