നാല് ദിവസത്തെ ആശങ്കയ്ക്ക് വിരാമം; കുടകിലെ കാട്ടിൽ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി
കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ നാല് ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിൽ വനമേഖലയിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. ഏപ്രിൽ രണ്ടിന് പത്തംഗ സംഘത്തോടൊപ്പം ട്രക്കിങ് ആരംഭിച്ച ശരണ്യയ്ക്ക് വനത്തിനുള്ളിൽ വെച്ച് വഴിതെറ്റുകയായിരുന്നു.
താൻ ഒറ്റപ്പെട്ടുപോയെന്ന സന്ദേശം ഉച്ചയോടെ ഹോംസ്റ്റേ അധികൃതർക്ക് ലഭിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ശരണ്യയോടൊപ്പമുണ്ടായിരുന്നവർ വൈകുന്നേരം തിരിച്ചെത്തിയെങ്കിലും ശരണ്യയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വനംവകുപ്പും പൊലീസും സംയുക്തമായി വിപുലമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
കാട്ടാനശല്യമുള്ള ദുർഘടമായ വനമേഖലയിൽ ഡ്രോണുകളും പ്രത്യേക സംഘങ്ങളും നടത്തിയ തെരച്ചിലിനൊടുവിലാണ് ആശ്വാസകരമായ വാർത്തയെത്തിയത്.
കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥയായ ശരണ്യയെ നിലവിൽ പ്രാഥമിക പരിശോധനകൾക്കായി മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നാല് ദിവസം കാടിനുള്ളിൽ കഴിഞ്ഞിട്ടും ശരണ്യ സുരക്ഷിതയാണെന്ന വിവരം വലിയ ആശ്വാസമാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും നൽകിയത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരമുള്ള കൊടുമുടിയിലെ കാലാവസ്ഥയും വന്യമൃഗ സാന്നിധ്യവും തിരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു.