കോണ്‍ഗ്രസിന്‍റെ ശബരിമല സംരക്ഷണ യാത്രയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണം ആയുധമാക്കി വിശ്വാസികളെ ഒപ്പം കൂട്ടാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണത്തിന് നാളെ (ഒക്ടോബർ 14 ന്) തുടക്കമാകും. മൂന്ന് മേഖലാ ജാഥകൾക്ക് 14 നും ഒരു മേഖലാ ജാഥയ്ക്ക് 15ന് മൂവാറ്റുപുഴയിലും തുടക്കം കുറിക്കും.
നാലു ജാഥകളും 17ന് ചെങ്ങന്നൂരിൽ സമാപിച്ച ശേഷം 18ന് വൈകിട്ട് 3 മണിക്ക് കാരക്കാട് നിന്ന് പന്തളത്തേക്ക് യുഡിഎഫിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തും. തുടർന്ന് നടക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രസംഗിക്കും. തുടർന്ന് വിശ്വാസ സംരക്ഷണ പ്രതിജ്ഞയെടുക്കും.
കാസർഗോഡ് നിന്ന് കെ മുരളീധരൻ ക്യാപ്റ്റനായും ടി സിദ്ദിഖ് വൈസ് ക്യാപ്റ്റനായും ആരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ, ഇരിട്ടി, കൽപറ്റ, താമരശ്ശേരി, കൊയിലാണ്ടി, മുതലക്കുളം, നിലമ്പൂർ, എടപ്പാൾ, ഏറ്റുമാനൂർ വഴിയാണ് ജാഥ 17ന് ചെങ്ങന്നൂരിൽ എത്തിച്ചേരുക.
പാലക്കാട് തൃത്താലയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ക്യാപ്റ്റനായി ആരംഭിക്കുന്ന ജാഥയുടെ വൈസ് ക്യാപ്റ്റൻ ടി.എൻ. പ്രതാപനാണ്. പാലക്കാട്, വടക്കാഞ്ചേരി, ചേലക്കര, ഗുരുവായൂർ, തൃശൂർ ടൗൺ, ആലുവ, തൃപ്പൂണിത്തുറ, തുറവൂർ വഴി 17ന് ജാഥ ചെങ്ങന്നൂരിൽ സംഗമിക്കും.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ക്യാപ്റ്റനും എം. വിൻസെന്‍റ് എം.എൽ.എ. വൈസ് ക്യാപ്റ്റനുമായി തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന ജാഥ 14ന് വൈകിട്ട് 4ന് ഗാന്ധിപാർക്കിൽ രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കാട്ടാക്കട, ചിറയിൻകീഴ്, കൊല്ലം, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂർ, കോന്നി, റാന്നി, ആറൻമുള വഴി 17ന് ചെങ്ങന്നൂരിലെത്തും.