തൃശൂർ: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചു. തൃശ്ശൂരിൽ വോട്ട് ചെയ്യാനായി സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖകൾ ചമച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ് പോലീസിന്റെ ഈ തീരുമാനം.
ആരോപണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് പോലീസ് കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കഴിയില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. എന്നാൽ, ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിച്ചാൽ കേസ് പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയാവശ്യപ്പെട്ട് മുൻ എം.പി. ടി.എൻ. പ്രതാപൻ പരാതി നൽകിയത്. സുരേഷ് ഗോപി തിരുവനന്തപുരത്താണ് സ്ഥിരതാമസക്കാരനെന്നും, തൃശൂരിൽ വോട്ട് ചെയ്യാൻ സ്ഥിരതാമസക്കാരനാണെന്ന് തെറ്റായ സത്യവാങ്മൂലം നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.