കസ്റ്റഡി മർദ്ദനത്തിൽ നടപടി വേണം: സഭാകവാടത്തിൽ പ്രതിപക്ഷത്തിന്റെ നിരാഹാരസമരം

സംസ്ഥാനത്ത് ഉണ്ടായ കസ്റ്റഡി മർദ്ദനത്തിൽ നടപടിവേണമെന്ന ആവശ്യവുമായി നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സഭാകവാടത്തിലാണ് പ്രവർത്തകർ സമരമിരിക്കുന്നത്. എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ് കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത്.
കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അതുവരെ സമരം തുടരുമെന്നും സതീശൻ പറഞ്ഞു. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.
അതേസമയം പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തിൽ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ കേരള പൊലീസ് രാജ്യത്തെ മികച്ച സേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി. ഒരു സംഭവത്തിന്റെ പേരിൽ പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു