നിക്ഷേപകർക്ക് ആശ്വാസം: സ്ഥിരനിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ

Mar 24, 2026 - 10:29
Mar 24, 2026 - 10:30
 0  3
നിക്ഷേപകർക്ക് ആശ്വാസം: സ്ഥിരനിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു. ഹ്രസ്വകാല, ഇടക്കാല നിക്ഷേപങ്ങൾക്കാണ് ഇപ്പോൾ പലിശ കൂട്ടിയിരിക്കുന്നത്. ഇതോടെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പരമാവധി പലിശ ഏഴ് ശതമാനമായി ഉയർന്നു. മറ്റ് പല ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കാൻ ആലോചിക്കുന്ന സമയത്താണ് നിക്ഷേപകരെ ആകർഷിക്കുന്നതിനായി എസ്ബിഐ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ നിരക്കുകൾ ബാധകമാകുന്നത്. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന ബാങ്ക് നൽകുന്നുണ്ട്.

സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.50% മുതൽ 1% വരെ അധിക പലിശ ഇനി മുതൽ മുതിർന്നവർക്ക് സ്വന്തമാക്കാം. പുതുക്കിയ നിരക്ക് പ്രകാരം ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 6.75 ശതമാനത്തിൽ നിന്നും 7 ശതമാനമായാണ് വർദ്ധിപ്പിച്ചത്.

46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.85 ശതമാനമായും, 180 ദിവസം മുതൽ ഒരു വർഷം വരെയുള്ളവയ്ക്ക് 6.35 ശതമാനമായും പലിശ ഉയർത്തിയിട്ടുണ്ട്. പുതുതായി നടത്തുന്ന നിക്ഷേപങ്ങൾക്കും കാലാവധി കഴിഞ്ഞ് പുതുക്കുന്നവയ്ക്കും മാത്രമേ ഈ പുതിയ നിരക്കുകൾ ലഭിക്കൂ. എന്നാൽ, നിശ്ചയിച്ച കാലാവധി എത്തുന്നതിന് മുൻപ് പണം പിൻവലിക്കുകയാണെങ്കിൽ ബാങ്ക് ഒരു ശതമാനം പിഴ ഈടാക്കും. അതായത്, ലഭിക്കേണ്ട പലിശയിൽ നിന്ന് ഒരു ശതമാനം കുറച്ചായിരിക്കും തുക കൈമാറുന്നത്.

ഓഹരി വിപണിയിലെ വൻ ചാഞ്ചാട്ടം മൂലം സുരക്ഷിതമായ നിക്ഷേപം തേടുന്ന സാധാരണക്കാർക്ക് എസ്ബിഐയുടെ ഈ തീരുമാനം വലിയ നേട്ടമാകും.