പുടിന്റെ വസതിക്കുനേരെ യുക്രൈന്‍ വ്യോമാക്രമണം നടത്തിയെന്ന് റഷ്യ; പച്ചക്കള്ളമെന്ന് സെലൻസ്‌കി

Dec 29, 2025 - 20:16
 0  7
പുടിന്റെ വസതിക്കുനേരെ യുക്രൈന്‍ വ്യോമാക്രമണം  നടത്തിയെന്ന് റഷ്യ; പച്ചക്കള്ളമെന്ന് സെലൻസ്‌കി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വസതിയിലേക്ക് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്‌ഗൊറോഡ് മേഖലയിലെ ഒദ്യോഗിക വസതിയിലേക്കാണ് യുക്രൈൻ ആക്രമണം നടത്തിയതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് തിങ്കളാഴ്ച പറഞ്ഞു.

എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി പറഞ്ഞു.

നിലവിൽ നടക്കുന്ന സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് മാറ്റാൻ യുക്രൈന്റെ ആക്രമണം ഇടയാക്കിയേക്കുമെന്നും ലാവ്‌റോവിനെ ഉദ്ധരിച്ച് ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു. ഡിസംബർ 28, 29 തീയതികളിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈൻ 91 ദീർഘദൂര ഡ്രോണുകൾ അയച്ചെന്ന് ലവ്റോവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം 'ആ രാജ്യത്തിന്റെ ഭീകരവാദം' ആണെന്ന് പറഞ്ഞ ലവ്റോവ് ഈ നടപടി അപകടകരമാണെന്നും ഇതിന് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ആക്രമണം നടന്നത് എവിടെനിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും റഷ്യൻ സേന ഇതിന് തിരിച്ചടി നൽകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി