ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം
കണ്ണൂരിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവ്‌ശിക്ഷ വിധിച്ച് കോടതി. വയക്കര മുളപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ(60)യാണ് ഭാര്യ റോസമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കേസിൽ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പെരിങ്ങോം പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.
2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് റോഡില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടില്‍വെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. കൊല്ലപ്പെട്ട ചാക്കോച്ചന്‍ പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനായിരുന്നു.