റോബോട്ട്  ഒളിമ്പിക്സ് : ഫുട്ബോൾ, ഓട്ട മത്സരങ്ങൾക്കിടെ   കൂട്ടിയിടിച്ച്  വീണും തനിയെ എഴുന്നേൽക്കാൻ ശ്രമിച്ചും  കാണികളുടെ മനം കവർന്ന് റോബോട്ടുകള്‍ 

Aug 15, 2025 - 19:18
 0  16
 റോബോട്ട്  ഒളിമ്പിക്സ് : ഫുട്ബോൾ, ഓട്ട മത്സരങ്ങൾക്കിടെ   കൂട്ടിയിടിച്ച്  വീണും തനിയെ എഴുന്നേൽക്കാൻ ശ്രമിച്ചും  കാണികളുടെ മനം കവർന്ന് റോബോട്ടുകള്‍ 


 ബീജിംഗ്: ചൈനയില്‍ നടക്കുന്ന  ത്രിദിന 'വേള്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് റോബോട്ടുകളുടെ കായികക്ഷമതയും കഴിവും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി.
  16 രാജ്യങ്ങളില്‍ നിന്നുള്ള 280 ടീമുകളാണ് 'റോബോട്ട് ഒളിമ്ബിക്സ്' എന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ചൈനയുടെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, റോബോട്ടിക്സ് രംഗത്തെ മുന്നേറ്റങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. 


 ട്രായ്ക്ക് ആൻഡ് ഫീല്‍ഡ്, ടേബിള്‍ ടെന്നീസ്, ഫുട്ബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് പുറമെ മരുന്ന് തരംതിരിക്കല്‍, വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, ശുചീകരണ സേവനങ്ങള്‍ തുടങ്ങിയ റോബോട്ട് അധിഷ്ഠിത ജോലികളിലും യന്ത്രമനുഷ്യർ മത്സരിച്ചു. അമേരിക്ക, ജർമ്മനി, ബ്രസീല്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തിനെത്തി. 192 ടീമുകള്‍ വിവിധ സർവകലാശാലകളെയും 88 ടീമുകള്‍ യൂണിട്രീ, ഫോറിയർ ഇൻ്റലിജൻസ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു. മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ ബൂസ്റ്റർ റോബോട്ടിക്സ് പോലുള്ള ചൈനീസ് നിർമ്മാതാക്കളുടെ റോബോട്ടുകളാണ് ഉപയോഗിച്ചത്.


 128 മുതല്‍ 580 യുവാനാണ് (ഏകദേശം 1,496 രൂപ മുതല്‍ 6,800 രൂപ വരെ) ബീജിംഗില്‍ നടന്ന ഈ റോബോട്ട് ഗെയിംസിലേക്കുള്ള ടിക്കറ്റ് വില.

ഫുട്ബോള്‍ മത്സരത്തിനിടെ റോബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ച്‌ ഒന്നിച്ചു വീഴുന്നതും ഓട്ടമത്സരത്തിനിടെ വീഴുന്നതും കാണികളില്‍ ആകാംക്ഷയും ചിരിയും പടർത്തി. ഒരു ഫുട്ബോള്‍ മത്സരത്തിനിടെ നാല് റോബോട്ടുകളാണ് കൂട്ടിയിടിച്ച്‌ വീണത്. 1500 മീറ്റർ ഓട്ടമത്സരത്തിനിടെ ഒരു റോബോട്ട് പൂർണ്ണവേഗത്തില്‍ ഓടുമ്ബോള്‍ അപ്രതീക്ഷിതമായി തകർന്നുവീണത് കാണികളില്‍ നിന്നും ഒരേസമയം ആശ്ചര്യവും ആവേശവും ഉണ്ടാക്കി.

 മനുഷ്യന്റെ സഹായമില്ലാതെ തന്നെ പല റോബോട്ടുകളും തനിയെ എഴുന്നേറ്റ് നില്‍ക്കാൻ ശ്രമിച്ചത് കാണികളുടെ കയ്യടി നേടി. യഥാർത്ഥ ജീവിതത്തില്‍ റോബോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാൻ ഈ മത്സരങ്ങള്‍ സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു.