ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗ്ലാസ് ബ്രിഡ്ജ് വിശാഖപട്ടണത്ത്
വിശാഖപട്ടണം: ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗ്ലാസ് സ്കൈ വാക്ക് പാലം ( ഗ്ലാസ് ബ്രിഡ്ജ് ) തിങ്കളാഴ്ച ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് തുറന്നു. വിശാഖപട്ടണത്തെ കൈലാസഗിരിയിലാണ് ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് സ്കൈവാക്ക് പാലം സഞ്ചാരികൾക്കായി തുറന്നത് . ഏഴ് കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. ഒരു വർഷത്തോളം പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി വേണ്ടിവന്നു.
നിലത്തുനിന്ന് 862 അടി ഉയരത്തിലും സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലും സ്ഥിതി ചെയ്യുന്ന സ്കൈ വാക്ക് പാലത്തിൽ നിന്ന് നഗരത്തിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. 50 മീറ്ററാണ് പാലത്തിൻ്റെ നീളം. പാലത്തിന് ഒരേ സമയം 100ൽ അധികം ആളുകളെ താങ്ങാൻ കഴിയും. സുരക്ഷയും മികച്ച അനുഭവവും ഒരുക്കുന്നതിനായി ഒരു സമയം 40 സന്ദർശകരെ മാത്രമേ പാലത്തിലെക്ക് പ്രവേശിപ്പിക്കൂ. തുടക്കത്തിൽ 20 മുതൽ 40 ആളുകളുടെ ചെറിയ ബാച്ചുകൾക്ക് 10 മുതൽ15 മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാം.
ഹുദ്‌ഹുദ് പോലുള്ള ചുഴലിക്കാറ്റുകളെ നേരിടാൻ ശേഷിയുള്ള രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ അതിജീവിക്കാൻ ഇതിന് കഴിയും. സുരക്ഷ ഉറപ്പാക്കാൻ ഉയർന്ന നിലവാരമുള്ള കട്ടിയുള്ള ഗ്ലാസ് ഉപയോഗിച്ചാണ് ഗ്ലാസ് ബ്രിഡ്ജിൻ്റെ നിർമാണം. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉയർന്ന നിലവാരമുള്ള ട്രിപ്പിൾ ലെയേർഡ് 40 എംഎം ടെമ്പർഡ് ലാമിനേറ്റഡ് ഗ്ലാസ് ഉപയോഗിച്ചാണ് ഈ ഘടന നിർമിച്ചിരിക്കുന്നത്. കൂടാതെ 40 ടൺ റൈൻഫോഴ്‌സ്ഡ് സ്റ്റീൽ സപ്പോർട്ടുമുണ്ട്.