ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം : ഡൽഹി സമരം പിൻവലിച്ച് സി ജെ പി
ന്യൂഡൽഹി;നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയിരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സമരം അടിയന്തരമായി പിൻവലിച്ചു. ഡൽഹി ജന്തർ മന്തറിൽ കേന്ദ്രീകരിച്ചിരുന്ന പ്രവർത്തകരോട് വീടുകളിലേക്ക് മടങ്ങാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.
കേന്ദ്ര കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ്, സി ജെ പി ദേശീയ വക്താവ് അശുതോഷ് റാങ്ക എന്നിവർ പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വ്യക്തമാക്കി. ഒരു മാസത്തിലേറെയായി തുടർന്നുവന്ന പ്രക്ഷോഭത്തിനാണ് ഇതോടെ വിരാമമായത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ പാർട്ടി ഉന്നയിച്ച മറ്റ് രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സി ജെ പി അറിയിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകളും എഫ് ഐ ആറുകളും പിൻവലിക്കുക എന്നിവയാണ് കേന്ദ്ര സർക്കാർ അംഗീകരിച്ച മറ്റ് ആവശ്യങ്ങൾ.