എട്ട് മാസത്തെ ബഹിരാകാശവാസത്തിന് ശേഷം എക്‌സ്‌പെഡിഷൻ 74 ദൗത്യസംഘം തിരികെ ഭൂമിയിലെത്തി
നീണ്ട എട്ട് മാസത്തെ ദൗത്യത്തിന് ശേഷം എക്‌സ്‌പെഡിഷൻ 74 ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തി. മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 28 പേടകം കസാഖിസ്ഥാനിൽ സുരക്ഷിതമായി ഇറക്കി. ഇന്ത്യൻ സമയം വൈകുന്നേരം 3.55നാണ് ജെസ്‌കാസ്‌ഗൻ നഗരത്തിന് തെക്ക് കിഴക്കായി കസാഖ് സ്റ്റെപ്പിയിൽ പേടകം സ്‌പ്ലാഷ്‌ഡൗൺ നടത്തിയത്.
നാസ ബഹിരാകാശ സഞ്ചാരിയായ ക്രിസ് വില്യംസ്, റഷ്യൻ സഞ്ചാരികളായ സെർജി കുഡ്-സ്വെർച്ച്‌കോവ്, സെർജി മിക്കേവ് എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് മാസത്തോളം ചെലവഴിച്ച ശേഷമാണ് മൂവരും ഭൂമിയിൽ തിരിച്ചെത്തുന്നത്. ബഹിരാകാശത്തെ അന്തരീക്ഷവുമായി മനുഷ്യ ശരീരം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും, യാത്രികർക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് മടക്കം. കൂടാതെ എട്ട് മാസ കാലയളവിൽ ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികളും നടത്തി.
ലാൻഡ് ചെയ്‌തതിന് പിന്നാലെ റിക്കവറി സംഘം മൂവരെയും പേടകത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ ഹെലികോപ്റ്ററിൽ കരഗണ്ടയിലേക്ക് കൊണ്ടുപോയി. തുടർന്ന് വൈദ്യപരിശോധനകൾക്ക് ശേഷം വില്യംസിനെ ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് എത്തിക്കും. അതേസമയം റഷ്യൻ സഞ്ചാരികളായ കുഡ് സ്വെർച്ച്‌കോവും മിക്കേവും മോസ്കോ സ്റ്റാർ സിറ്റിയിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് തിരിച്ച് പോകും. ബഹിരാകാശ രംഗത്തെ കടുത്ത എതിരാളികളായിരുന്ന റഷ്യയും യുഎസും ബഹിരാകാശ നിലയത്തിലും മറ്റ് പദ്ധതികളിലും സഹകരിക്കുന്നതായാണ് ദൗത്യം സൂചിപ്പിക്കുന്നത്.
ബഹിരാകാശ നിലയത്തിന്‍റെ അറ്റക്കുറ്റപ്പണികൾ ഉൾപ്പെടെയുള്ള ചുമതലകൾ എക്‌സ്‌പെഡിഷൻ 75 ദൗത്യസംഘത്തെ ഏൽപ്പിച്ചാണ് എക്‌സ്‌പെഡിഷൻ 75 സംഘം ഭൂമിയിലേക്ക് തിരിച്ചത്. കഴിഞ്ഞ ജൂലൈ 15നാണ് എക്സ്പെഡിഷൻ 75 ദൗത്യത്തിൽ മൂന്നംഗ സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങളും അറ്റക്കുറ്റപ്പണികൾ നടത്തുക ഇവരായിരിക്കും. എട്ട് മാസം നീളുന്നതാണ് ദൗത്യം.
പാതിമലയാളിയായ നാസ ശാസ്‌ത്രജ്ഞൻ അനിൽ മേനോനും സംഘത്തിലുണ്ട്. റോസ്കോസ്‌മോസ് ശാസ്‌ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് മറ്റ് സഞ്ചാരികൾ. ബഹിരാകാശ നിലയത്തിലെത്തിയതോടെ ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് അനിൽ മേനോൻ.