രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സം​ഗ കേസ്; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേർത്തു

Jan 7, 2026 - 10:37
 0  7
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സം​ഗ കേസ്; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേർത്തു

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയായ യുവതിയെ ഹൈക്കോടതി കക്ഷി ചേർത്തു. രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്നും നിലവിൽ രാഹുലിന്റെ അനുയായികളിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.

ഈ സാഹചര്യത്തിൽ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിയോട് നിർദ്ദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഈ മാസം 21 വരെ നീട്ടി.

 തിരുവനന്തപുരം സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലും നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിലുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ തങ്ങൾ തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും നിലവിലെ കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് രാഹുൽ കോടതിയിൽ വാദിച്ചത്. കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ നൽകുകയായിരുന്നു.

നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.