മുംബൈ എക്സ്പ്രസ്സ്‌:  ചെറുകഥ, പ്രശാന്ത് പഴയിടം 

Dec 3, 2025 - 18:37
 0  5
മുംബൈ എക്സ്പ്രസ്സ്‌:  ചെറുകഥ,  പ്രശാന്ത് പഴയിടം 
അശ്വിന് നാളെ ഒരു ജോലിയുടെ അഭിമുഖമുണ്ട്.  കഴിഞ്ഞ രണ്ടുമാസമായി ബോംബെയിൽ എത്തിയിട്ട്, ഇതുവരെ അനേകം ജോലിയുടെ അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടും ഒന്നും ഫലം കണ്ടിട്ടില്ല. വില്ലെപാർളെ ഈസ്റ്റിൽ സുഹൃത്തുക്കളോടൊപ്പം വാടക വീട്ടിലാണ് അശ്വിൻ താമസിക്കുന്നത്.
ബോംബെയിലെ തിരക്ക് ആദ്യം അമ്പരിപ്പിച്ചെങ്കിലും, ഇപ്പോൾ അതിനൊപ്പം സഞ്ചരിക്കാൻ അശ്വിൻ പഠിച്ചിരിക്കുന്നു.
ബോംബെ അങ്ങനെയൊരു നഗരം തന്നെയാണ് ആദ്യം അലട്ടും, പിന്നീട് ഹൃദയത്തോട് ചേർന്നുപോകും. അതിരാവിലെ തന്നെ എഴുന്നേൽക്കണം, സമയത്ത് ട്രെയിൻ പിടിക്കണം.
രാവിലെ കുളിമുറിയുടെ മുന്നിൽ ബക്കറ്റുമായി നീണ്ട നിരതന്നെയുണ്ട്; അശ്വിന്റെ മനസിൽ ഭയം ഇരട്ടിയായി.
അഭിമുഖത്തിന് പോകാൻ തയ്യാറായി ഇറങ്ങിയ അശ്വിൻ , മോഹൻ ഭയ്യയുടെ കടയിൽ നിന്ന് തിരക്കിട്ട് പ്രഭാതഭക്ഷണം കഴിച്ചു. വില്ലെപാർളിൽ നിന്ന് ദാദർ വഴി ലോക്കൽ ട്രെയിൻ കയറി കല്യാൺവരെ എത്തേണ്ടതുണ്ട് 
റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. പെട്ടെന്ന് ട്രെയിൻ വന്നു — നിർവചിക്കാനാവാത്തത്ര തിരക്ക്. ആളുകൾ തള്ളി അശ്വിനെ  ബോഗിക്കുള്ളിൽ കയറ്റി. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ബോംബെയിലെ ലോക്കൽ ട്രെയിൻ ദൈനന്തിന ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ഡോറിൽ തൂങ്ങിനിൽക്കുന്ന ആളുകൾ ഈ തിരക്കിൽ ഓരോ യാത്രയും അപകടത്തിന്റെ അതിരുകളിലൂടെ തന്നെയാണ്.
കല്യാൺ റെയിൽവെ സ്റ്റേഷൻ എത്തി ഇവിടെ നിന്ന് ഡൽഹി പോകുന്ന ട്രെയിനിൽ ആണ് പോകേണ്ടത്.   ഉച്ചഭാഷിണിയിൽ അറിയിച്ചു  അടുത്ത ട്രെയിൻ വൈകുമെന്ന്. അശ്വിന്റെ ഉത്കണ്ഠ കൂടി. ഏറെ നേരം കഴിഞ്ഞ് ട്രെയിൻ എത്തിയപ്പോൾ തിരക്കിനിടയിൽ ഒരു വൃദ്ധൻ അടുത്തുവന്നു.
വെള്ള കുർത്തയും മുണ്ടും ധരിച്ചിരിക്കുന്നു. കയ്യിൽ ഒരു വടിയും. കണ്ടാൽ ഒരു ഗ്രാമീണ കർഷനെപ്പോലെ.
വൃദ്ധൻ ഹിന്ദിയിൽ ചോദിച്ചു:
“മകനെ, ഈ ടിക്കറ്റ് ഒന്ന് നോക്കുമോ?
അശ്വിൻ  മറുപടി നൽകി: “ഭയ്യ, മറ്റാരെയെങ്കിലും കാണിക്കൂ, എനിക്ക് ഈ ട്രെയിനിൽ കയറേണ്ടതുണ്ട്.”
അശ്വൻ മുന്നോട്ട് നടന്നു, പക്ഷേ വൃദ്ധൻ പിന്നെയും പിന്തുടർന്നു —
“ദയവായി മകനെ, ഒന്ന് നോക്കുമോ?”
അശ്വിൻ ഒടുവിൽ ടിക്കറ്റ് എടുത്ത് നോക്കി:
“അതെ, ഇതുതന്നെയാണ് നിങ്ങളുടെ ട്രെയിൻ. ഉടൻ കയറൂ.”
വൃദ്ധൻ അശ്വിനെ പിന്തുടർന്ന് അതേ ബോഗിയിൽ കയറി അശ്വിന്റെ അടുത്ത് തന്നെ ഇരുന്നു. മുഷിഞ്ഞ വേഷം കണ്ട അശ്വിന് അല്പം അസ്വസ്ഥതയുണ്ടായി.
വൃദ്ധൻ തന്റെ ഗ്രാമത്തെയും കൃഷിയെയും കുറിച്ച് വായ്തോരാതെ സംസാരിച്ചുകൊണ്ടിരുന്നു; എന്നാൽ അശ്വിൻ ജോലി അഭിമുഖത്തിന്റെ സമ്മർദ്ദത്തിൽ ആയതിനാൽ മറുപടി ഒന്നും പറഞ്ഞില്ല.
അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിന്നു. ചായയും വാടാപാവുമായ് ഒരു വിൽപ്പനക്കാരൻ നടന്നു പോകുന്നു. വൃദ്ധൻ ഒരു ചായ ആവശ്യപ്പെട്ടു.
ചായ വാങ്ങിയപ്പോൾ, വൃദ്ധന്റെ കൈ വിറച്ചു — കുറച്ച് ചായ അശ്വിന്റെ ഷർട്ടിൽ വീണു.
അശ്വിൻ അസ്വസ്ഥനായി പെട്ടന്ന് പൊട്ടിത്തെറിച്ചു:
“ഞാൻ ഒരു ജോലിയുടെ അഭിമുഖത്തിന് പോവുകയാണ്! ഇപ്പൊൾ ഞാൻ ഈ ഷർട്ട് ധരിച്ച് എങ്ങനെ പോകും, എങ്ങനെ സംസാരിക്കും? നങ്ങൾക്കത് മനസ്സിലാവില്ല!”
വൃദ്ധൻ സങ്കടത്തോടെ അശ്വനെ നോക്കി.  ചുറ്റുമുണ്ടായവർ പറഞ്ഞു:
“ചെറുതായി വെള്ളം തട്ടി തുടച്ചോളൂ സാർ, അത് പോയ്കൊള്ളും.”
ഷർട്ട് വൃത്തിയാക്കി തിരിച്ചെത്തിയ അശ്വിൻ വീണ്ടും വൃദ്ധനെ നോക്കി.
വൃദ്ധൻ സഞ്ചിയിൽ നിന്ന് ഒരു പുതിയ ഷർട്ട് എടുത്ത് അശ്വിന്റെ കയ്യിൽ കൊടുത്തു.
“മകനെ, ഇത് ധരിക്കൂ. എനിക്ക് മനസ്സിലാകും, ഒരു അഭിമുഖം എത്ര പ്രധാനമാണെന്ന്. സ്നേഹത്തോടെ സ്വീകരിക്കൂ.”
അശ്വിൻ ആദ്യം മടിച്ചെങ്കിലും ഒടുവിൽ ആ ഷർട്ട് ധരിച്ചു.
ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയപ്പോൾ അശ്വിന്റെ കയ്യിലെ ചായ വീണ ഷർട്ട് വൃദ്ധൻ വാങ്ങിച്ചു.
അശ്വിൻ കുറച്ച് പണം നൽകാൻ ശ്രമിച്ചെങ്കിലും, വൃദ്ധൻ ചിരിച്ചു പറഞ്ഞു:
“ഇല്ല മകനെ, അതിനൊന്നും ആവശ്യമില്ല. മനസ്സ് ശാന്തമാക്കി പോയി അഭിമുഖത്തിൽ പങ്കെടുക്കൂ. നിനക്ക് ഉറപ്പായും വിജയം ലഭിക്കും.”
അശ്വിൻ ട്രയിനിൽ നിന്ന് ഇറങ്ങി. അഭിമുഖം നടക്കുന്ന ഓഫീസിൽ എത്തി.
അഭിമുഖം ഭംഗിയായി കഴിഞ്ഞു. ഉദ്യോഗസ്ഥർ പറഞ്ഞു:
“തുടർ വിവരങ്ങൾക്കായി പിന്നീട് ബന്ധപ്പെടാം.”
ദിവസങ്ങൾ കടന്നുപോയി ഇതുവരെ ഫോണൊന്നും വന്നില്ല. കയ്യിലുള്ള പണവും തീർന്നു. നാട്ടിലേക്ക് മടങ്ങണമെന്നു തീരുമാനിച്ച ദിവസം ഒരു ഫോൺ വന്നു. 
“അഭിനന്ദനങ്ങൾ! നിങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ദയവായി രേഖകൾ ഉടൻ സമർപ്പിക്കുക,” എന്ന സന്ദേശം.
ദിവസങ്ങൾക്കിപ്പുറം, അശ്വിൻ ടെലിവിഷനിൽ രാഷ്ട്രപതിയിൽ നിന്ന് “മികച്ച സേവനത്തിന്” പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരാളുടെ ദൃശ്യം കണ്ടു.
അഭിമുഖത്തിന് പോയ ദിനത്തിൽ ട്രെയിനിൽ കണ്ട അതേ വൃദ്ധൻ —
അശ്വൻ നൽകിയ ചായക്കറയുള്ള ഷർട്ട് തന്നെയാണ് ധരിച്ചിരിക്കുന്നത്.
അശ്വിന്റെ കണ്ണുകൾ നിറഞ്ഞു, 
അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ മനസ്സിലായി —
അദ്ദേഹത്തിന്റെ പേര് പണ്ഡിത ദാമോദർ. വിരമിച്ച ശേഷം ഗ്രാമങ്ങൾതോറും നടന്ന് അഭ്യസ്തവിദ്യരായ കുട്ടികളെ കണ്ടെത്തി സൗജന്യമായി പഠിപ്പിച്ച മഹാനായ അദ്ധ്യാപകൻ. തന്റെ ജീവിതം മുഴുവൻ ദരിദ്രർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ചിലവഴിച്ച മഹാത്മാവ്. സൗജന്യ വിദ്യാഭ്യാസം നടത്തുന്ന ഒരു ചെറിയ സ്കൂളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
ഇതറിഞ്ഞ അശ്വിന്റെ കണ്ണുകൾ നിറഞ്ഞു. ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തെ നേരിൽ കണ്ടു ആ കാലിൽ വീണു ക്ഷമ ചോദിക്കാൻ കഴിയട്ടെ എന്നായിരുന്നു അശ്വിന്റെ പ്രാർത്ഥന.