പുലരിമീൻ : കവിത , രാജു കാഞ്ഞിരങ്ങാട്

Feb 12, 2023 - 19:20
Mar 9, 2023 - 13:13
 0  35
പുലരിമീൻ   : കവിത , രാജു കാഞ്ഞിരങ്ങാട്

ഇരുട്ടിനെ ചുരുട്ടിയെടുത്ത്
ഞാൻ നടക്കുന്നു
രാവിൻ്റെ ചൂണ്ട കൊണ്ട്
പുലരിയുടെ മീനിനെ പിടിക്കാൻ

ഏതു മീനായിരിക്കും
ഇന്നെൻ്റെ ചൂണ്ടയിൽ കുടുങ്ങുന്നത് !

സ്നേഹത്തിൻ്റെ പൊടിമീൻ
വസന്തത്തിൻ്റെ വരാൽ
വിശുദ്ധിയുടെ പേരറിയാമീൻ

കാലം കാക്കയായ് കാത്തിരിക്കുന്നു
വെയിൽ കൊണ്ട്
മഴ കൊണ്ട്
മഞ്ഞു കൊണ്ട്

പെട്ടെന്ന്;
പുലരിമീനിട്ട ചൂണ്ടയിൽ
എന്നെയും കോർത്തെടുത്ത്
തെക്കോട്ടു പറക്കുന്നു ഒരു കാക്ക