ഇരുട്ട് പറഞ്ഞത് : കവിത, ഡോ. ജേക്കബ് സാംസൺ

Feb 13, 2023 - 14:00
Mar 9, 2023 - 13:13
 0  51
ഇരുട്ട് പറഞ്ഞത് : കവിത, ഡോ. ജേക്കബ് സാംസൺ
ഞാൻ ഇരുട്ടിനോട്
ചോദിച്ചു
"എനിക്കാരുണ്ട്?"
"നിനക്ക് ഞാനില്ലേ?"
ഇരുട്ട്  സ്നേഹപൂർവ്വം 
എന്നെ നോക്കി.
"നിന്നെ വിശ്വസിക്കാൻ
കൊള്ളില്ല.
ഒരു മെഴുതിരി
വെട്ടം കണ്ടാൽ
നീ ഓടിയൊളിക്കും"
"അതുശരിയായിരിക്കാം
പക്ഷെ
എവിടെപ്പോയാലും
ഞാൻ തിരിച്ചു വരും"
ഞാൻ അമ്പരപ്പോടെ
ഇരുട്ടിലേക്ക് നോക്കി.
"തുടക്കത്തിൽ
ഞാൻ മാത്രമേ
ഉണ്ടായിരുന്നുള്ളൂ
ഒടുക്കവും ഞാൻ
മാത്രമേ കാണുകയുള്ളൂ
ആദിയും അന്തവു
മായവൻ ഞാനാണ്.
എനിക്ക് ശേഷം
വെളിച്ചം ഉണ്ടായി
വെളിച്ചത്തിന് ശേഷം
ഞാൻ അവശേഷിക്കും"
ഇരുട്ട് പറഞ്ഞു.
ഞാൻ ഇരുട്ടിനെ
സ്നേഹിക്കാൻ തുടങ്ങി.