ദളിത് യുവതിയുടെ പീഡന പരാതി; കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Mar 28, 2026 - 10:26
 0  7
ദളിത് യുവതിയുടെ പീഡന പരാതി;  കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പാലക്കാട്: ദളിത് യുവതിയുടെ പീഡനപരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസ് പുറത്താക്കിയത്.

പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച തീരുമാനം പ്രശോഭിന്‍റേതാണെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രശോഭിനെതിരേ ദളിത് യുവതി പീഡന പരാതി നൽകിയത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രശോഭിനെതിരേ കേസെടുത്തത്.