നേപ്പാളിൽ മുൻ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി കെപി ശർമ ഒലി അറസ്റ്റിൽ

Mar 28, 2026 - 10:48
 0  8
നേപ്പാളിൽ മുൻ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി കെപി ശർമ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു : നേപ്പാളിലെ മുൻ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര അധികാരം ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസമാണ് മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം നേപ്പാളിൽ നടന്ന ജെൻ.സി പ്രക്ഷോഭങ്ങൾക്ക് എതിരായ നടപടികളുടെ പേരിലാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ചെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് കെപി ശർമ്മ ഒലിയെ നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. 2025 സെപ്റ്റംബറിൽ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയതിലൂടെ 77-ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. മുൻ പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹദൂർ കാർക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ, ഒലിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടികൾക്ക് ശുപാർശ ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് 35-കാരനായ ബാലേന്ദ്ര ഷാ (റാപ്പർ ബാലെൻ ഷാ) നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അദ്ദേഹത്തിന്റെ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയിരുന്നു.