പൊന്നും തുരുത്ത് : ലേഖനം; കെ പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ

പൊന്നും തുരുത്ത് :  ലേഖനം; കെ പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ

പ്രകൃതി സൗന്ദര്യത്തിന്റെ മേന്മ ഒന്ന് കൊണ്ട് മാത്രം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച പൊന്നും തുരുത്ത്, നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ചെറു ദ്വീപ്. 

   തലസ്ഥാനനഗരിയായ തിരുവനന്തപുരത്തു നിന്നും 35കിലോമീറ്റർ പിന്നിട്ടാൽ ആറ്റിങ്ങൽ ടൗണിലെത്താം. അവിടുന്ന് ഇടത്തോട്ടു കൊല്ലമ്പുഴ വഴി കടക്കാവൂരിലെത്തിയ ശേഷം അഞ്ചുതെങ്ങിനോടടുത്താണ് വിശാലമായതും ആഴമേറിയതുമായ മനോഹരമായ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ കായൽ തീരം.

വർക്കലക്കു പോകുന്ന വഴി ഒന്നാംപാലത്തിനു സമീപമാണ് ഈ സ്ഥലം. ഇവിടെ കടലും കായലും തൊട്ടുരുമ്മി കിടക്കുന്നു. ഈ കായൽ മധ്യത്തിലാണ് ഏകദേശം 5 ഏക്കറോളം വരുന്ന ആൾപ്പാർപ്പില്ലാത്ത പൊന്നും തുരുത്ത്. ഇതിനുള്ളിൽ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇവിടെ നിത്യ പൂജയും നടന്നു വരുന്നു.

പൂജാരിയും സന്ദർശകരും ഭക്തരും പ്രത്യേകം  സജ്ജമാക്കിയ വള്ളത്തിൽ ഇവിടെ എത്തുന്നു. വിദേശികളും സ്വദേശികളുമടക്കം ധാരാളം പേര് ഈ കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തുന്നു.     

ഹരിത ഭംഗി തുളുമ്പി കായലോരത്ത്  തിങ്ങി വളരുന്ന കേരവൃക്ഷങ്ങൾ. തെങ്ങോലകൾ കുശലം പറയുന്ന കമനീയമായ കായൽ തീരം. ഇളം കാറ്റിലെ ഓളങ്ങൾക്കൊപ്പം നൃത്തം വെക്കുന്ന കായൽ. സഞ്ചാരികളുടെ വരവും കാത്തു സദാസമയവും തീരത്തു കിടക്കുന്ന വള്ളങ്ങൾ. കായൽ പരപ്പിലൂടെ വള്ളത്തിലൂടെയുള്ള  യാത്ര എത്ര നയനാനന്ദകരമാണ്.

വിശാലമായ കായലിനു മധ്യത്തായി സ്ഥിതി ചെയ്യുന്ന തുരുത്തിനു ചുറ്റും നീർനായ്ക്കൾ വസിക്കുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പാവംജീവികൾ വേട്ടക്കാരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ പരിസ്ഥിതി പ്രവർത്തകർ സദാ ജാഗരൂകരാണ്.

തടാകം തെളിനീരാൽ സുന്ദരമാണ്. തുരുത്തിനകത്തു കുറ്റൻ വൃക്ഷങ്ങൾ കുട ചൂടി നിൽക്കുന്നു. നിരവധി പക്ഷികളുടെയും ജലജീവികളുടെയും അപൂർവ സസ്യ ജാലങ്ങളുടെയും സങ്കേതമാണിവിടം. ദേശാടന പക്ഷികളും ധാരാളമായി എത്താറുണ്ട്.

തുരുത്തിനുള്ളിൽ പ്രകൃതിയുടെ അസാധാരണമായ ദൃശ്യം പുളകം ചാർത്തും. തുരുത്തിൽ അപൂർവമായ ഔഷധ സസ്യങ്ങളും കണ്ടൽക്കാടുകളുമുണ്ട്. എല്ലാം കൊണ്ടും ഇവിടം ശീതളഛായ പകരുന്നു. നാം കണ്ടിട്ടില്ലാത്ത അനേകായിരം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. ഒരുപക്ഷെ ഇതൊരു പക്ഷിപാതാളമെന്നു നമുക്ക് തോന്നി പോകും. 

    ദേശാടനകാലമായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സൈബീരിയൻ പക്ഷികളായ എരണ്ടകൾ, കൊക്കുകൾ എന്നിവയും കൂടാതെ ചരക്കോഴി, നീർക്കാക്ക, പാതിരാകൊക്കു, മുണ്ടികൾ എന്നീ നീർ പക്ഷികളെയും കാണാം. തെളിഞ്ഞ ജാലകങ്ങൾക്കു മീതെ സൂര്യ കിരണങ്ങൾ വീണു വെള്ളിക്കസവ്ചേല പോലെ ഇളകുന്ന കാഴ്ച നയനാനന്ദകരമാണ്.       

    വക്കം --അഞ്ചുതെങ് --കടക്കാവൂരിന്റെ അതിർത്തി പങ്കിടുന്ന പ്രധാനപ്പെട്ട ഈ കായൽ, കായൽ ടൂറിസംമേഖലക്കു ഏറ്റവും അനുയോജ്യവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണിവിടം. തുരുത്തിൽ കച്ചവട സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ ഉല്ലാസയാത്രക്കൊപ്പം തീർഥാടകർ കുടിവെള്ളവും ഭക്ഷണവും കൂടെ കരുതുന്നു.

വർക്കല ബീച്ചിൽ വന്നു പോകുന്ന വിദേശസഞ്ചാരികളി ലേറെപ്പേരും തുരുത്തു സന്ദർശിച്ച ശേഷം മടങ്ങുന്നു. സ്കൂൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഏറെ കൗതുകകരമായ കാഴ്ചയാണിവിടം. ഏകാന്തത ഇഷ്ട്പ്പെടുന്നവർക്കു കുറെ നേരം ചിലവഴിക്കാൻ ഈ കായൽ തീരം ഏറെ മനോഹരമാണ്, അതിലേറെ ഉല്ലാസഭരിതവുമാണ്....!    

കെ പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ