വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസ്; ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന കേസിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 11 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.
മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽവെച്ച് ചോദ്യം ചെയ്ത അന്വേഷണ സംഘം അദ്ദേഹത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളിലും പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. തുടർന്ന് വൈദ്യപരിശോധന നടത്തിയ ശേഷം അന്വേഷണ സംഘം മോഹൻദാസുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ വെടിവച്ചുകൊല്ലണമെന്നും സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും മോഹൻദാസ് നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. യൂട്യൂബിലൂടെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് തിരുവനന്തപുരം സൈബർ പൊലീസ് നടപടി സ്വീകരിച്ചത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
നിലവിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളും സ്ത്രീകൾക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ഇവയിൽ ജാമ്യമില്ലാത്ത വകുപ്പുകളും ഉൾപ്പെടുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് എത്തിയ ശേഷമാകും മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. തുടർന്ന് തിങ്കളാഴ്ച, ഓഗസ്റ്റ് 10ന്, കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.