ദേശീയ ജനസംഖ്യാ ദിനം : ഒരു ആത്മപരിശോധന ; ലീലാമ്മ തോമസ്, ബോട്സ്വാന

Feb 9, 2026 - 09:11
 0  8
ദേശീയ ജനസംഖ്യാ ദിനം : ഒരു ആത്മപരിശോധന ; ലീലാമ്മ തോമസ്, ബോട്സ്വാന

വിരലുകളിൽ എണ്ണാനാവാതെ
മുഖങ്ങൾ നിറയുന്ന ഭൂമി,
ഇത് ദൈവത്തിന്റെ അനുഗ്രഹം,
അതേ സമയം
മനുഷ്യന്റെ പരീക്ഷണം.

ഓരോ ജനനവും
ഒരു ആത്മാവിന്റെ വരവ്,
ഓരോ ശ്വാസവും
ഭൂമിക്കുള്ള ഒരു കടം.

ജനസംഖ്യ
ഒരു കണക്കല്ല,
അത് കരയുന്ന വയറുകൾ,
പ്രാർത്ഥനയായി മാറിയ കണ്ണുകൾ,
ജലം തേടി വലഞ്ഞ നാളുകൾ,
വിദ്യാഭ്യാസം തേടി
ദൂരം നടന്ന പാദങ്ങൾ,
ഇതെല്ലാം ചേർന്ന
ജീവിതത്തിന്റെ ആത്മഗണിതം.

കൂട്ടമായി ജനിക്കുമ്പോൾ
ഭൂമിയുടെ ശ്വാസം മങ്ങുന്നു.
മനുഷ്യന്റെ അത്യാഹിതം
പ്രകൃതിയുടെ പ്രാർത്ഥന മുട്ടിക്കുന്നു.

ദൈവം ജീവൻ നൽകി,
ബുദ്ധിയും നൽകി.
ജനിക്കണം,
എന്നാൽ ബോധത്തോടെ.
വളർത്തണം,
പ്രാർത്ഥനയോടെ,
മനുഷ്യത്വത്തോടെ.

ജനസംഖ്യ നിയന്ത്രണം
ജീവിതവിരോധമല്ല,
അത് ജീവനെ
സംരക്ഷിക്കുന്ന
കരുണയുടെ വഴിയാണ്.

പ്രസവം നിർത്തുക
പാപമല്ല,
അത് തയ്യാറെടുപ്പാണ്,
അമ്മയുടെ ശരീരം
ഒരു ക്ഷേത്രം ആണെന്ന
അംഗീകാരം.
കുഞ്ഞിന്റെ ഭാവി
ദൈവത്തിന് മുന്നിൽ
ഉത്തരവാദിത്വമായി
നിർമ്മിക്കുന്ന ധൈര്യം.
കുടുംബത്തിന്റെ സ്ഥിരത
പ്രാർത്ഥനയായി
കാത്തുസൂക്ഷിക്കുന്ന
ബുദ്ധിമുട്ടുള്ള തീരുമാനം.

അബോർഷൻ
ആഘോഷിക്കേണ്ട ഒന്നല്ല,
അവഗണിക്കേണ്ടതുമല്ല.
അത് പലപ്പോഴും
മുട്ടുകുത്തിയ ആത്മാവിന്റെ
അവസാന വഴിയാണ്,
ശാരീരികമായ
മരണഭീതിയിൽ നിന്ന്,
മാനസികമായ
തകർച്ചയിൽ നിന്ന്,
സാമൂഹികമായ
അപമാനത്തിൽ നിന്ന്
ജീവനെ രക്ഷിക്കുന്ന
ഒരു കരുണയുടെ വിളക്ക്.

എല്ലാ ജനനവും
വിജയമാകണമെങ്കിൽ,
ചില ജനനങ്ങൾ
സമയമാക്കേണ്ടിവരും,
ദൈവത്തിന്റെ സമയത്തിൽ,
മനുഷ്യന്റെ ഉത്തരവാദിത്വത്തിൽ.

ദേശീയ ജനസംഖ്യാ ദിനം
ഓർമ്മിപ്പിക്കുന്നു,
എണ്ണം കൂടുമ്പോൾ
പ്രാർത്ഥനയും
ഉത്തരവാദിത്വവും
കൂടണം എന്ന്.

ജീവിതം
വളരേണ്ടത്
എണ്ണത്തിൽ അല്ല,
ഗുണത്തിൽ
കരുണയിൽ,
ബോധത്തിൽ,
ആത്മാവിന്റെ വെളിച്ചത്തിൽ.