യു എസിൽ കാണാതായ 4 ഇന്ത്യൻ വയോധികര്‍ കാര്‍ താഴ്ചയില്‍ വീണ് മരിച്ച നിലയില്‍

Aug 3, 2025 - 19:46
 0  3
യു എസിൽ കാണാതായ 4 ഇന്ത്യൻ വയോധികര്‍ കാര്‍ താഴ്ചയില്‍ വീണ് മരിച്ച നിലയില്‍

ജൂലൈ 29 മുതൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ നാലുപേർ കാറപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. ഒരു റോഡ് ട്രിപ്പിനിടെയാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആശാ ദിവാൻ (85 വയസ്സ്), കിഷോർ ദിവാൻ (89 വയസ്സ്), ശൈലേഷ് ദിവാൻ (86 വയസ്സ്), ഗീതാ ദിവാൻ (84 വയസ്സ്) എന്നിവരാണ് മരിച്ചത്.

ഇവരെ  കാണാതായതു സംബന്ധിച്ച പരാതി ബുഫലോയിലെ അധികാരികൾക്ക് ലഭിച്ചിരുന്നു. ന്യൂയോർക്കിലെ ബുഫല്ലോയിൽ നിന്ന് വെസ്റ്റ് വിർജീനിയയിലെ ആത്മീയ കേന്ദ്രമായ 'പാലസ് ഓഫ് ഗോൾഡി'ലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്നാണ് വിവരം. പാലസ് ഓഫ് ഗോൾഡിൽ എത്തുന്നതിന് 8-9 കിലോമീറ്റർ മുമ്പാണ് ഇവരുടെ കാർ കണ്ടെത്തിയത്.

ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു മലയിടുക്കിന് സമീപമാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു 2009 മോഡൽ ടൊയോട്ട കാംറി കാറിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇവരെ അവസാനമായി കണ്ടത് പെൻസിൽവാനിയയിലെ ഈറിയിലുള്ള പീച്ച് സ്ട്രീറ്റിലെ ബർഗർ കിംഗ് ഔട്ട്ലെറ്റിൽ വെച്ചാണെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധിച്ച് അധികാരികൾ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ കുടുംബത്തിലെ രണ്ട് അംഗങ്ങൾ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് കാണാം. ഇവിടെയാണ് ഇവരെ അവസാനമായി കണ്ടത്. ഈ ഹോട്ടലിൽ ഇവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന്റെ തെളിവുകളും അന്വേഷകർ ശേഖരിച്ചിട്ടുണ്ട്. ജൂലൈ 29നായിരുന്നു ഇത്.വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലാണ് പാലസ് ഓഫ് ഗോൾഡ് സ്ഥിതി ചെയ്യുന്നത്. ആദ്യം ഇവർ പിറ്റ്സ്ബർഗിലെ ഒരു ക്ഷേത്രം സന്ദർശിച്ചു. അതിനുശേഷം, വെസ്റ്റ് വിർജീനിയയിലെ മൗണ്ട്സ്‌വില്ലെയിലേക്ക് പോയി. അവിടെ പാലസ് ലോഡ്ജ് ഹോട്ടലിൽ താമസിക്കാനും ക്ഷേത്രം സന്ദർശിക്കാനും ആയിരുന്നു പദ്ധതി. എന്നാൽ കുടുംബം ഹോട്ടലിൽ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചു.