ബന്ദി ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്

ഗാസ: പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദിയായ യുവാവ് സ്വന്തം ശവക്കുഴി എടുക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്. ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം കുഴിയെടുക്കുകയാണ് താനെന്ന് എവ്യാതര്‍ ഡേവിഡ് എന്ന യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. 48 മണിക്കൂറിനിടെ ഹമാസ് പുറത്തുവിടുന്ന 24 കാരന്റെ രണ്ടാമത്തെ വീഡിയോ ആണിത്. ആകെ ക്ഷീണിതനായ യുവാവിന് സംസാരിക്കാന്‍ പോലും വിഷമമാണ്. മണ്‍വെട്ടി കൊണ്ട് സ്വന്തം കുഴി കുഴിക്കുകയാണ് എവ്യാതര്‍ ഡേവിഡ്.
' ഞാന്‍ എന്റെ സ്വന്തം ശവക്കുഴി തോണ്ടുകയാണ്'- ഹീബ്രുവില്‍ ഡേവിഡ് പറഞ്ഞു. ' എല്ലാ ദിവസവും എന്റെ ശരീരം കൂടുതല്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ ശവക്കുഴിയിലേക്ക് നേരിട്ട് നടക്കുകയാണ്. ഇക്കാണുന്ന ശവക്കുഴിയിലാണ് എന്നെ സംസ്‌കരിക്കാന്‍ പോകുന്നത്. ഞാന്‍ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് കുടിവെള്ളം പോലും കഷ്ടിച്ചാണ് കിട്ടിയത്്. മോചിതനാകാനുള്ള സമയം കടന്നുപോവുകയാണ്. എന്റെ കുടുംബത്തോടൊപ്പം എനിക്ക് ഉറങ്ങാന്‍ സാധിക്കുമോ'-ഡേവിഡ് കരഞ്ഞുകൊണ്ട് വീഡിയോയില്‍ പറഞ്ഞു.
' ലോകം കണ്ട ഏറ്റവും വലിയ ഭീകര ദൃശ്യങ്ങളില്‍ ഒന്നാണ് ഹമാസിന്റെ പ്രചാരണത്തിനായി ഞങ്ങളുടെ മകനെ മന:പൂര്‍വം പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നത്' -ഡേവിഡിന്റെ കുടുംബം പ്രതികരിച്ചു. മകനെ രക്ഷിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ ഇസ്രായേല്‍ സര്‍ക്കാരിനോടും ലോക സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു.