എട്ടാം ശമ്പള കമ്മീഷൻ; 1.19 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ബമ്പർ ആനുകൂല്യങ്ങൾ
രാജ്യത്ത് നിലവിൽ ഏകദേശം 50.14 ലക്ഷം സർക്കാർ ജീവനക്കാരും 69 ലക്ഷം പെൻഷൻകാരുമുണ്ടെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി. അതായത് നിലവിലുള്ളതും പെൻഷനായ ജീവനക്കാരുമടക്കം ഏകദേശം 1.19 കോടി പേർക്ക് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിലൂടെ പ്രയോജനം ലഭിക്കും.
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയതി, അതിന്റെ ടേംസ് ഓഫ് റഫറൻസ് (ToR), ബജറ്റ് വ്യവസ്ഥകൾ, ജീവനക്കാരുടെ യൂണിയനുകളുമായുള്ള ചർച്ചകൾ, പെൻഷൻ സംബന്ധമായ വിഷയങ്ങളിൽ സർക്കാരിന്റെ തന്ത്രം എന്നിവയെക്കുറിച്ച് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, തങ്ക തമിഴ്സെൽവൻ, ഗണപതി രാജ്കുമാർ പി., ധർമ്മേന്ദ്ര യാദവ് എന്നിവർ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
കമ്മീഷൻ നടപ്പിലാക്കുന്ന തീയതി പിന്നീട് തീരുമാനിക്കുമെന്നും എന്നാൽ കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.