പത്രഭാഷ: കഥ , ആനി കോരുത്

പത്രഭാഷ: കഥ , ആനി കോരുത്
ആനി കോരുത്
 പള്ളിയിൽ പോകാൻ സെലീനാമ്മ ഒരുങ്ങിയിറങ്ങി. വെള്ള ഓർഗൻ്റി സാരിയിൽ റോസ് നിറത്തിൽ പൂക്കൾ തയിച്ച സാരിയും റോസ് ബ്ലൗസുമിട്ട് തൻ്റെ പ്രതിബിംബം കണ്ണാടിയിൽ നോക്കി ഒന്നുകൂടി വിലയിരുത്തി. ഈ സാരിയും ബ്ലൗസും തനിക്ക് നല്ലോണം ചേരുന്നുണ്ട്. കണ്ണാടിയുടെ മുമ്പിൽ നിന്നുകൊണ്ടുതന്നെ അച്ചായനെ ഉറക്കെ വിളിച്ചു
"അച്ചായാ വേഗം വാ സമയം പോകുന്നു"
 അവസാനം അച്ചായൻ ഇറങ്ങി വരുന്നതു കണ്ടപ്പോൾ ദേഷ്യമാണു തോന്നിയത് സമയത്തിന് തലമുടി ഡൈ ചെയ്യാത്തതു കൊണ്ട് അത് ചുവന്നും നരച്ചുമിരിക്കുന്നു . മീശയിലും നരച്ച മുടി തലനീട്ടിയിരിക്കുന്നു
" ഈ കോലത്തിലാണോ പോകുന്നത് ?"
അറുപത്തിയൊമ്പതു വയസ്സായ ഞാനിനി ചെറുപ്പക്കാരനാകാൻ പറ്റുമോ?
"പിന്നേയ്, ഈ അറുപത്തിയൊമ്പതു വയസ്സെന്നു പറഞ്ഞാൽ അത്ര വലിയ വയസ്സാണോ? എന്നെ കണ്ടാൽ എത്ര തോന്നും.?"അവളുടെ ഡൈ ചെയ്ത മുടിയും ക്രീമും പൗഡറും ഇട്ടു മിനുക്കിയ മുഖവും എല്ലാം കണ്ട് അയാൾ ഊറിയ പുഞ്ചിരിയോടെ പറഞ്ഞു " സ്വീറ്റ് സെവൻ്റീൻ എന്താ പോരേ " അയാൾ ചെറിയ തോതിൽ തന്നെ പരിഹസിച്ചതാണെന്നു മനസ്സിലായിട്ടും ആ കമൻ്റ് അവൾക്ക് ഇഷ്ടപ്പെട്ടു
"സമയം പോയി. പള്ളി തുടങ്ങുന്നതിനു മുമ്പെ അങ്ങ് എത്തേണ്ടേ?" കൃത്രിമ ദേഷ്യം നടിച്ച് അവൾ പറഞ്ഞു.
പള്ളി കഴിഞ്ഞ്, ഉച്ചയൂണും കഴിഞ്ഞ് അച്ചായൻ പത്രം വായിക്കാൻ ഇരുന്നു വാർത്തകൾ കേട്ടാ മതിയല്ലോ വായിക്കണ്ടായെന്നു കരുതി സെലീനാ മ്മയും അടുത്തു പോയിരുന്നു
" കേട്ടോടീ, മലപ്പുറത്തു പുലി ഇറങ്ങി, വയോധികയെ ആക്രമിച്ചെന്ന് !"
"അയ്യോ!പാവം വല്യമ്മ ! എന്നിട്ട് .. i
"അവർ ധൈര്യം കൈവിടാതെ തൻ്റെ കയ്യിലിരുന്ന വടി കൊണ്ട് പുള്ളിപ്പുലിയെ അടിച്ചോടിച്ചെന്ന് "
" മിടുക്കി, ആ കിളവിക്ക് എത്ര വയസ്സുണ്ട്?"
"അറുപത് വയസ്സെന്നാ എഴുതിയിരിക്കുന്നത്'
"എൻ്റീശ്ശോയേ അറുപതുവയസ്സുള്ളവരെ വയോധികയെന്നു പറയുകയാണെങ്കിൽ അറുപത്തിയേഴു വയസ്സുള്ളവരെ എന്തു വിളിക്കും?" ഉറക്കെ ഒരു ആത്മഗതം പറഞ്ഞു കൊണ്ട് സെലീനാമ്മ അവിടെ നിന്നു എഴുന്നേറ്റു
അല്ലെങ്കിൽത്തന്നെ തങ്ങൾക്കു വയസ്സായെന്നു ആരാ സമ്മതിക്കുക