പരദൂഷണം ; കവിത, ഡോ. ജേക്കബ് സാംസൺ

പരദൂഷണം ;  കവിത, ഡോ. ജേക്കബ് സാംസൺ
അപഖ്യാതികൾക്ക്
അടിസ്ഥാനങ്ങളൊന്നും വേണ്ട
പറഞ്ഞുഫലിപ്പിക്കാൻ 
വിരുത് മാത്രം മതി
പുരാണത്തിലെ 
കഥാപാത്രത്തെപ്പറ്റി 
പരദൂഷണം കേട്ട്
അന്തംവിട്ടിരുന്നു ഞാൻ
അഞ്ചുപേരുടെ
ഭാര്യയെന്നല്ലാതെ
പഞ്ചാലിയെപ്പറ്റി
പറയാനൊരു ദോഷം
കഥയിലെങ്ങുമില്ല
അതൊരു ദോഷമായി
പ്പറയാനുമില്ലല്ലോ ?
എന്നിട്ടും 
നേരിൽക്കണ്ടപോൽ
പറയുന്നു ദൂഷകൻ 
പഞ്ചാലി പാർത്ഥനോട്
രാത്രിയിൽ പറഞ്ഞത്രേ:
"പാർത്ഥാ ചാരുനേത്രാ
പോരുകയെന്നോടൊപ്പം
കാത്തിരിക്കുന്നു ഞാൻ
എത്രയോ നേരമായ് നിന്നെ.
ഊഴവമവൻ്റെയാ
ണെങ്കിലും വരില്ല
പോഴനെ പൂപറിക്കാൻ 
പറഞ്ഞയച്ചു ഞാൻ
കല്ല്യാണസൗഗന്ധികവും
 തേടി കാടും മേടും താണ്ടി 
രാത്രിമുഴുവൻ
അലഞ്ഞു വലഞ്ഞു
നടക്കട്ടെ ഭീമൻ
പാർത്ഥാ കല്ല്യാണരൂപാ
നീയാണ് എൻ്റെ സൗഗന്ധികം
പ്രണയലീലകളാലീരാത്രി
സുഗന്ധ പൂരിതമാക്കാൻ 
വരിക നീ വരിക വേഗം "
കഥയൊന്ന് നിർത്തി
പ്പിന്നെയും തുടരുന്നു
 പരിഹാസി
"ഭീമൻ,
പൊണ്ണത്തടിയേയുള്ളൂ 
പെണ്ണിൻമുന്നിൽ
മൊണ്ണയാണവൻ,
ഗദയുംതൂക്കി 
കളരിച്ചുവടുമായ്
തൽക്ഷണം പുറപ്പെട്ടു
പൂപറിക്കാൻ
ചേട്ടൻ വന്നു 
വഴിതടഞ്ഞിട്ടും
പറയേണ്ടതെല്ലാം
പറഞ്ഞ് വിലക്കിയിട്ടും
തിരിച്ചു പോയില്ല ഭീമൻ
ഒരു തരത്തിലതും നന്നായി
തമ്മിൽത്തല്ലൊഴിവായി"
'തടിയന്മാർക്കല്ലെങ്കിലും
ബുദ്ധിയല്പം കുറവാണെ'-
ന്നകലെയിരിക്കുന്ന പൊണ്ണനെ
ഒളികണ്ണിട്ടു നോക്കിപ്പറഞ്ഞൂ
ദൂഷകൻ.
കണ്ണിൽക്കണ്ടതുപോലെ
ഓരോന്നു പറഞ്ഞു
ദുഷിക്കലാണ് ചിലർക്ക്
വിനോദം
ചിലനേരത്തറിയാതെ 
നമ്മളും
ഇതൊക്കെക്കേട്ടു, 
തലയുമാട്ടിയിരുന്നു പോകും