കുഞ്ഞിക്കവിതകളുടെ തമ്പുരാൻ: ഹരിയേറ്റുമാനൂര്- ബുക് റിവ്യൂ

Sep 25, 2024 - 18:54
Sep 26, 2024 - 11:37
 0  154
കുഞ്ഞിക്കവിതകളുടെ തമ്പുരാൻ: ഹരിയേറ്റുമാനൂര്- ബുക് റിവ്യൂ

അഡ്വ .റോയി പഞ്ഞിക്കാരന്റെ 'പഞ്ഞിയുടെ കുറുങ്കവിതകൾ' എന്ന പുസ്തകത്തെക്കുറിച്ച് - ഹരിയേറ്റുമാനൂര് എഴുതുന്നു 


   നഗ്നമായ ഒരാശയമാണ് എഴുത്തുകാരൻ്റെ മനസ്സിൽ ആദ്യം നാമ്പിടുക. അതിന് വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുകയാണ് മിക്ക എഴുത്തുകാരുംചെയ്യുന്നത്.  

   ഒരു ചെടി മരമാകുന്നതുപോലെ, ഒരാശയത്തിൽ നിന്നാണത് കുറച്ചു വരികളായും ഖണ്ഡകാവ്യമായും മഹാകാവ്യമായുമൊക്കെ പരിണമിക്കുന്നത്.
മാ നിഷാദ എന്ന രണ്ടു വാക്കിൽനിന്നാണ് രാമായണമുണ്ടായത്.

   ദീർഘമായ കവിതയിൽ നിന്ന് അനുവാചകന് ആശയം ചികഞ്ഞെടുക്കുക എളുപ്പമാകണമെന്നില്ല. എഴുത്തുകാരൻ ഉദ്ദേശിക്കുന്ന ആശയം അനുവാചകന് കൃത്യമായി കിട്ടിക്കൊള്ളണമെന്നുമില്ല! അതുകൊണ്ടാവാം ആടയാഭരണങ്ങളില്ലാതെ നഗ്നമായിത്തന്നെ കുറുങ്കവിത എഴുതപ്പെടുന്നത്. 

   പഴയകാലത്ത് മുക്തകങ്ങളെന്ന പേരിൽ ഒറ്റശ്ലോകങ്ങൾ രചിക്കപ്പെട്ടിരുന്നു.
രണ്ടെഴുത്തിനും പ്രസക്തിയുണ്ട്. നാലുവരിയിൽ പറയേണ്ടത് നാൽപ്പതുവരിയിൽ പറയാനും നാൽപ്പതുവരിയിൽ പറയേണ്ടത് നാലോ രണ്ടോ വരിയിൽ പറയാനും വേണ്ടത് കവിത്വമാണ്.

   ദീർഘമായാലും ഹ്രസ്വമായാലും കവിത കവിതതന്നെയാണ്. കുഞ്ഞുണ്ണിക്കവിതകൾ സുദീർഘമായിരുന്നെങ്കിൽ ഇത്രയേറെ അനുവാചകരുണ്ടാകുമായിരുന്നോ? ആശാൻ്റെ ചിന്താവിഷ്ടയായ സീതയും മറ്റും ഹ്രസ്വമായിരുന്നെങ്കിലോ?

ഒരു വൃത്തമോ ചമൽക്കാരമോ കൂടാതെ പിറന്നപടി നമുക്കു തരുന്നവയാണ് നഗ്ന കവിതകൾ. ( ഞാനാദ്യം നഗ്നകവിതയെന്നു കേൾക്കുന്നത് കുരീപ്പുഴയിൽ നിന്നാണ്)
ഈ സമാഹാരത്തിലെ മിക്കതും നഗ്നകവിതകളാണ്. ചില കാല്പനിക കവിതകളും പഴഞ്ചൊല്ലിൻ്റെ സ്വഭാവമുള്ളവയും കുഞ്ഞുണ്ണിക്കവിതയുടെ മാതൃകയുള്ളവയും ഇതിലുണ്ട്; നഴ്സറി കുട്ടികൾക്ക് ആസ്വദിക്കാൻ പറ്റിയവയും.

വലിച്ചു വാരിയെഴുതുന്ന സ്വഭാവം ഈ കവിക്കില്ല. അളന്നുതൂക്കിയുള്ള എഴുത്താണ്. വാക്കുകൾ നിരവധി കലവറയിലുണ്ടെങ്കിലും അവയൊക്കെ എടുത്തു പയറ്റാൻ സ്വതസിദ്ധമായ പിശുക്ക് അനുവദിക്കുന്നില്ല. അതുകൊണ്ടാവും ഇത്തരം കവിതയെഴുതുന്നത്!

 എന്നാൽ, സമൂഹത്തോടുള്ള സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കാര്യത്തിലാകട്ടെ കവി ധാരാളിയാണുതാനും.

സമയമില്ലെന്ന പല്ലവി മൂളുന്ന മലയാളികൾക്ക് കുറുങ്കവിതകൾ പ്രിയങ്കരമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നൂറ്റിനാല്പതിലേറെ കുറുങ്കവിതകളീ സമാഹാരത്തിലുണ്ട്.
   എല്ലാ കവിതയേയും കുറിച്ച് എടുത്തു പറയുക ഇവിടെ സാഹസമാണ്. അതിനാൽ ചിലതിനെക്കുറിച്ചു മാത്രംപറയാം.
പ്രണയകഥ 
പത്രാധിപർ തിരിച്ചയച്ചു
കഴുത്തിൽ മുറുകിയ
കയറിൻ്റെ പാടുകൾ
ഞാൻ
വെറുതേ തടവി!
   ഒറ്റവായനയിൽത്തന്നെ ആർക്കും മനസ്സിലാവുന്നതാണിത്. തീവ്രമായ പ്രണയദുരന്തത്തെത്തുടർന്ന് ജീവിതമവസാനിപ്പിക്കാൻ പോയവൻ്റെ കഥയ്ക്ക് തീവ്രതപോരെന്നു തീരുമാനിക്കുന്ന പത്രാധിപരിലൂടെ ആക്ഷേപഹാസ്യം ചമയ്ക്കുകയാണു കവി.
സ്കൂളിൻ്റെ 
വരാന്ത കാണാത്തൊരാൾ
എഴുതിയ ബുക്ക് സ്കൂൾ വരാന്തയിലെ
പുസ്തകപ്രദർശനത്തിൽ
എന്ന കവിതയിലൂടെ വിജ്ഞാനത്തിൻ്റെ ഉറവിടം സ്കൂളല്ല; പൊള്ളുന്ന ജീവിതവും പ്രകൃതിയുമാണെന്നു നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഈ ഗണത്തിൽപ്പെട്ടവയാണ് ചിതൽ, പ്രതിമ,വിശപ്പ്, കുരിശ്, നര,കോളാമ്പി, അമ്മത്തൊട്ടിൽ,ബീഡി, കാത്തിരിപ്പ്, പ്രണയപ്പക മുതലായവ.

കട്ടുറുമ്പ്, പട്ടം, ചിട്ടി, കടുമാങ്ങ. വീമ്പ്, വരൾച്ച, ഉറുമ്പുകൾ, വിളവ്,മുകിൽ, ക്ഷ, ദോശ, ചട്ടി, വല,കള, തിരി തുടങ്ങിയവയൊക്കെ നഴ്സറി /പ്രൈമറി കുട്ടികൾക്ക് പറ്റിയതാണ്.
കള പറിച്ചുകള
വിള വരട്ടെ
ഇതിൽ കുട്ടിത്തമുണ്ട് ഗൗരവമായ ആഹ്വാനവുമുണ്ട്. പാടത്തായാലും മനസ്സിലായാലും കള പറിച്ചു കളഞ്ഞാലേ വിളവുണ്ടാകൂ.
വലിയ കാര്യങ്ങൾ കവി എത്ര ലളിതമായിട്ടാണ് പറയുന്നത്; മഞ്ചാടിക്കുള്ളിൽ താജ്മഹൽ കൊത്തിവയ്ക്കുന്ന ചാതുരിയോടെ!

അക്ഷരങ്ങളുടെ ആവർത്തനംകൊണ്ടും സമാനമായ വാക്കുകൾ ചേരുംപടി ചേർത്തുകൊണ്ടും കസർത്ത് നടത്തുന്നതിൽ വിരുതനാണീ കവി. 
കൊട്ടാനൊരു ചെണ്ടയും
പൊട്ടാനൊരു പടക്കവും
മുട്ടാനൊരു കൂട്ടവും.
നോക്കൂ, എത്ര കൗതുകമുണ്ടാക്കും വിധമാണീ 'ട്ട'യുടെ പ്രയോഗം! പെരുന്നാളോ ഉത്സവമോ മറ്റെന്തെങ്കിലുമോ ആയിക്കോട്ടെ, ഇത്ര ഹ്രസ്വമായി ഒരു ആഘോഷത്തെ അടയാളപ്പെടുത്തുക എളുപ്പമല്ല!
കൂടുതൽ കവിതകളും ഈ ഗണത്തിൽപ്പെടുന്നതാണ്.

സ്നേഹം,തൊട്ടാവാടി, അടങ്ങിയ കൊതി,നിശ്ശബ്ദത, വളം, അമ്മ തുടങ്ങി ഒട്ടേറെ കവിതകൾ നമ്മെ ചിരിപ്പിക്കുന്നതല്ല; ചിന്തിപ്പിക്കുന്നവയാണ്. മിക്കതും മികച്ചതുതന്നെയെങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ടതിൽ രണ്ടെണ്ണം കാക്ക, അമ്മ എന്നിവയാണ്.
അമ്പത്തൊന്നക്ഷരവും പഠിച്ചിട്ട് മനുഷ്യർ ലക്ഷ്യമില്ലാതെ അലയുന്ന ലോകത്ത്  'കാ' എന്ന് ഒരക്ഷരംമാത്രം അറിയാവുന്ന കാക്കകൾ എത്രയോ മിടുക്കരാണ് !
അമ്മ എന്ന പേരിൽ രണ്ടു കവിതകളുണ്ട്. രണ്ടും ഗംഭീരമാണ്.
ഒറ്റമുണ്ടായാലും
ചട്ടയും മുണ്ടുമായാലും
തട്ടമായാലും
അതിൽ
കരിയും പുകയും തന്നെ!

ഏതു മതത്തിൽപ്പെട്ടവളായാലും അമ്മയുടെ ദുരനുഭവങ്ങൾക്ക് ഒരു വ്യത്യാസവുമില്ലെന്ന് ഒറ്റ വാചകത്തിൽ പറഞ്ഞു പോകാനാവില്ല; ഇതിൻ്റെ ശക്തി അത്രയ്ക്ക് ഗംഭീരമാണ്.
അതിലും ഗംഭീരമാണ് അടുത്ത കവിതയിലെ അമ്മയുടെ വ്യാഖ്യാനം.
ഇരുണ്ട രാത്രിയിൽ
ചുരുണ്ടു കൂടിയ
സ്വപ്നങ്ങളിൽ
ഉരുണ്ടു കൂടിയ
കണ്ണുനീർ !
അതാണമ്മ! എത്ര ശക്തവും ഹൃദയഭേദകവും മനോഹരവുമാണീ കാച്ചിക്കുറുക്കിയ കവിത.
പഞ്ഞിയിലെ കവിയെ ഉറപ്പിക്കുന്ന രചന.

അനുവാചകരുടെ ഊറിച്ചിരി വിടർത്തുന്ന നിരവധി കവിതകളുമുണ്ടിതിൽ. നല്ല കാർ, മുഖലക്ഷണം, വടി, കഴുത, കാമുകി, കാമുകൻ, കത്തി തുടങ്ങിയവ. ഊറിച്ചിരിപ്പിക്കുമ്പോഴും പലതിലും അന്തർഹിതമായ പൊരുളുകളുമുണ്ട്; വടി പോലുള്ളവ.
ബാല്യത്തിൽ വടിയെപ്പേടിച്ചോടുന്ന നമ്മൾക്ക് വാർദ്ധക്യത്തിൽ ഊന്നുവടിതന്നെ ശരണം!

കലിതുള്ളും കാക്കേ
ബലിനാളിൽ പറന്നു വരൂ
എന്നിങ്ങനെ വലിയ കഴമ്പൊന്നുമില്ലാത്തവയും ഇതിലുണ്ട്.
ചുറ്റും കാണുന്ന, അനുഭവിക്കുന്ന എല്ലാത്തിനെയും വിഷയമാക്കിയാണ് ഇതിലെ രചന നിർവഹിച്ചിരിക്കുന്നത്.
ഒരു നല്ല എഡിറ്റിങ്ങിൻ്റെ അഭാവവും ചിതറിക്കിടക്കുന്ന കഴമ്പുള്ളവയ്ക്കും ഇല്ലാത്തവയ്ക്കുമിടയിൽ നിന്ന് മികച്ച കവിത തെരഞ്ഞടുക്കാൻ അനുവാചകനുണ്ടാകുന്ന ബുദ്ധിമുട്ടും ഈ പുസ്തകത്തിൻ്റെ ന്യൂനതയായി എനിക്കു തോന്നി. 
ആഴക്കു വറ്റടിയിലുള്ളൊരു കാരണത്താൽ
ഏഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു
എന്ന വരികളെ ഓർമ്മപ്പെടുത്തുമിത്.

കുഞ്ഞിക്കവിതകളുടെ തമ്പുരാനായ പഞ്ഞിക്കും പുസ്തകത്തിനും എൻ്റെ അഭിവാദ്യങ്ങൾ.