റോസാമീര എന്ന നോവലിൻ്റെ വായനാനുഭവം: രമേഷ് പെരുമ്പിലാവ്

റോസാമീര എന്ന നോവലിൻ്റെ വായനാനുഭവം:  രമേഷ് പെരുമ്പിലാവ്

ഗാന്ധിജിയുടെ ഗ്രാമസ്വരാജിൽ നിന്നും അനന്ത് പത്മനാഭൻ്റെ സഹജ ഗ്രാമത്തിലേക്കുള്ള ദൂരം
 

തൊരു വായനാനുഭവമോ ആസ്വാദന കുറിപ്പോ എന്നതിലുപരിയായി വായിച്ച് തീർന്നതിൻ്റെ ആഹ്ലാദം പങ്കുവെയ്ക്കുക കൂടിയാണ്. കാരണം പ്രവാസത്തിൽ ഇരുന്ന് ഒരെഴുത്തുകാരൻ വളരെ നിശബ്ദമായി നടത്തിയ ഇടപെടലാണ് ഈ നോവൽ. അതിനോട് നീതി പുലർത്തേണ്ടത് ഇങ്ങനെയൊക്കെയാണ്.

അനന്ത് പത്മനാഭ

മെറ്റാഫിക്ഷൻ്റെ സാദ്ധ്യതയിലൂടെയാണ് റോസാമീരയുടെ ശില്പഭംഗി രൂപപ്പെടുത്തിയിരിക്കുന്നത്.
നോവലിസ്റ്റുകൾ ഫിക്ഷനിലൂടെ ലോകത്തെ അവതരിപ്പിക്കുക എന്ന ആശയം നിരസിക്കുകയും യഥാർത്ഥ ലോകത്തെ പ്രതിഫലിപ്പിക്കാത്ത മറുലോകത്തെ ഭാഷാ മാധ്യമത്തിലൂടെ സൃഷ്ടിക്കുക എന്നതാണ് പുതിയ തത്വം. ഭാഷയെ "സ്വന്തമായ 'അർത്ഥങ്ങൾ' സൃഷ്‌ടിക്കുന്ന സ്വതന്ത്രവും സ്വയം ഉൾക്കൊള്ളുന്നതുമായ ഒരു വ്യവസ്ഥിതിയായി അത് കണക്കാക്കപ്പെട്ടു. ലോകത്തെക്കുറിച്ചുള്ള അറിവിന്റെ മധ്യസ്ഥതയ്ക്കുള്ള ഒരു മാർഗ്ഗവുയിരുന്നുവത്. അങ്ങനെ ഭാഷയിലൂടെ ലോകങ്ങളെ നിർമ്മിക്കുന്ന സാഹിത്യകഥകൾ അതിന്റെ പ്രതിഫലനമെന്നതിലുപരി 'യാഥാർത്ഥ്യ'ത്തിന്റെ നിർമ്മാണത്തിന് മാതൃകയായി. വസ്തുനിഷ്ഠമായ സത്യത്തിനുപകരം യാഥാർത്ഥ്യം തന്നെ ഒരു നിർമ്മിതിയായി കണക്കാക്കപ്പെട്ടു. ഔപചാരികമായ സ്വയം പര്യവേക്ഷണത്തിലൂടെ, മെറ്റാഫിക്ഷൻ മനുഷ്യർ അവരുടെ ലോകത്തെക്കുറിച്ചുള്ള അനുഭവം എങ്ങനെ നിർമ്മിക്കുന്നു എന്ന ചോദ്യം പര്യവേക്ഷണം ചെയ്യുന്ന ഉപകരണമായി മാറി.

ഉത്തരാധുനികതയിൽ മെറ്റാഫിക്‌ഷണൽ എഴുത്തിലേക്കുള്ള വികാസം സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. ഇത് നോവലിന്റെ അപചയത്തെയും മാധ്യമത്തിന്റെ കലാപരമായ കഴിവുകളുടെ ക്ഷീണത്തെയും സൂചിപ്പിക്കുന്നുവെന്ന് ചില നിരൂപകർ വാദിച്ചു, ചിലർ അതിനെ 'നോവലിന്റെ മരണം' എന്ന് വിളിച്ചിരുന്നു. എന്നാൽ മറ്റുചിലർ സാങ്കൽപ്പിക രചനയുടെ സ്വയം അവബോധമെന്നുമാണ് വാദിച്ചത്.

ഇത്തരത്തിൽ ആത്മബോധമുള്ള സാഹിത്യ ശൈലിയിലൂടെ എഴുത്തുകാരൻ തന്നെ ഒരു കഥാപാത്രമായി റോസാമീര എന്ന നോവലിൻ്റെ ഉൾനോവലിൽ ഒരു കഥാപാത്രമായി തീരുന്നു. പുസ്തകത്തിൻ്റെ അവതാരികയും കവർച്ചിത്രവും ലേ ഔട്ടും വായനക്കാർ പുസ്തകത്തെ എങ്ങനെ ഏറ്റെടുക്കും എന്നുവരെ, നോവലിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന വിധമാണ് അനന്ത് പത്മനാഭൻ തൻ്റെ നോവലിൻ്റെ ക്രാഫ്റ്റ് അതിനൂതനമായി സൃഷ്ടിച്ചെടുത്തിരിക്കുന്നത്.പോളിഷ് വംശജയും ജർമ്മൻ വിപ്ലവകാരിയും പ്രക്ഷോഭകാരിയും. പോളിഷ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും സ്പാർട്ടക്കസ് ലീഗും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനിയിലും പ്രവർത്തിച്ച വനിതയാണ് റോസ ലക്സംബർഗ്. ഒരു രാഷ്ട്രീയ സൈദ്ധാന്തിക എന്ന നിലയിൽ, മാർക്‌സിസത്തിന്റെ മാനുഷിക സിദ്ധാന്തം വികസിപ്പിച്ചെടുത്ത്, അത്
ജനാധിപത്യത്തിനും അന്തർദേശീയ സോഷ്യലിസം കൈവരിക്കുന്നതിനുള്ള വിപ്ലവകരമായ ബഹുജന പ്രവർത്തനത്തിനും ഊന്നൽ നൽകിയ റോസ ലക്‌സംബർഗിൻ്റെ ജീവിത സ്വാധീനത്തിൽ നിന്നും പ്രചോദനത്താൽ രൂപം കൊണ്ട കഥാപാത്രമാണ് റോസാമീര

വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും കൊണ്ട് ഓരോ സിനിമയേയും വേറിട്ടു നിർത്തിയ, എന്തിനോടും തന്റേതായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയിരുന്ന, സിനിമയിലെ ഒറ്റയാനായ വ്യക്തിത്വമായിരുന്ന "ജോൺ എബ്രഹാമിൻ്റെ സ്വാധീനവും റോസാമീരയുടെ ഒരു പ്രധാന ഘടകമാണ്. "ജോൺ എബ്രഹാം
അറിയാൻ'' എന്ന് സമർപ്പണമുള്ള ഈ നോവലിൽ, ജോണും ഒരു പ്രധാന കഥാപാത്രമാണ്. ജോൺ ഒരു നിശബ്ദ വിപ്ലവമായി നോവലുടനീളം കടന്നു വരുന്നുണ്ട്. ആദ്യ പകുതിയിലെ പ്രധാന കഥാപാത്രമായ കൃഷ്ണകുമാറിൻ്റെ ഓർമ്മക്കുറിപ്പുകൾ "പ്രിയപ്പെട്ട ജോൺ എന്ന തുടക്കത്തോടെ' അദ്ദേഹത്തിന് എഴുതുന്ന കത്തുകളാണ്. കൃഷ്ണകുമാറിന് അത്രമേൽ ആഴമുള്ള അടുപ്പമുണ്ട് ജോണുമായി.
നോവൽ ഒരേ സമയം ചരിത്രമെന്നോ അനുഭവമെന്നോ ഫാൻ്റസിയെന്നോ തോന്നുംവിധം വായനയെ അത്ഭുതപ്പെടുത്തും.
സച്ചിദാനന്ദൻ മാഷ്, ആനന്ദ് സത്യാർത്ഥി, മോചിത മോഹനൻ, സണ്ണി ജോസഫ്, ഉമ്മുക്കുലുസു, ഡേവിഡ് കാൾ, റോസാ ലക്സംബർഗ്, ആബിദ് ഫഹെദ്, ഹയ, ഇസ്മയിൽ, ബഷീർ, ഡോ. ക്രിസ്റ്റോ, പ്രാെഫസർ പ്രജേഷ് തോമസ്, ബാബാജി, അസീം കബിർ, ശിവമണി, അജയ് മോഹൻ
തുടങ്ങിയ നിരവധി തന്മയത്വമുള്ള കഥാപാത്രങ്ങൾ ഈ നോവലിൻ്റെ കെട്ടുറപ്പുള്ള തൂണുകളാണ്.

അതിജീവനത്തിനു വേണ്ടി മനുഷ്യസമൂഹം നടത്തിയ പോരാട്ടത്തിൻ്റെ സംഘർഷങ്ങളും പ്രതിസന്ധികളുമാണ് ലോക ക്ലാസിക് കൃതികളുടെ ഉള്ളടക്കത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമാക്കിയത്. അതു കൊണ്ടു തന്നെയാണ് എഴുത്തും വായനയും രാഷ്ട്രീയ പ്രവർത്തനമായി വികസിച്ചത്. ഭക്തിയും പ്രാർത്ഥനയും കൗൺസിലിംഗും മനുഷ്യൻ്റെ വേദനകൾക്കും ദുരിതങ്ങൾക്കുമുള്ള ശാശ്വത പരിഹാരമല്ല, മറിച്ച് സമൂർത്തമായ രാഷ്ട്രീയ നിലപാടുകളാണ് വിമോചന മാർഗ്ഗമെന്ന് റോസാമീര അടിവരയിട്ട് ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നു. ഉരുകിയൊലിക്കുന്ന ലാവയാണ് റോസാമീരയുടെ ജീവിതം കൊമ്പുകുലുക്കി കുതിച്ചെത്തുന്ന മൂലധനത്തിൻ്റെ കുത്തേറ്റ് പിടഞ്ഞു വീഴുന്ന ജീവിതങ്ങളെ വാരിയെടുത്ത് സഹജ ഗ്രാമമെന്ന ഉത്തരത്തിലേക്ക് നടന്ന് നീങ്ങിയ റോസാമീര മലയാള സാഹിത്യത്തിലെ അഗ്നിപുത്രിയാണ്. മാനവരാശിക്ക് മുമ്പിൽ കൊട്ടിയടച്ച വാതിലുകളെ ചവുട്ടിത്തുറന്ന് പ്രത്യയശാസ്ത്ര അവബോധത്തിൻ്റെ അനിവാര്യതയെ സാക്ഷിപ്പെടുത്തുന്ന നോവലാണ് റോസാമീര. വായനാ സംസ്കാരത്തിൻ്റെ വ്യവസ്ഥാപിത വ്യാകരണത്തെ അട്ടിമറിച്ച് അതിസങ്കീർണ്ണമായ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ സസൂക്ഷ്മം നിരീക്ഷിക്കാനും അവതരിപ്പിക്കാനും തൻ്റെ ആദ്യ നോവലായ റോസാമീരയിലൂടെ അനന്ത് പത്മനാഭന് സാധിച്ചിട്ടുണ്ട്.

വായനയുടെ പോരായ്മയിലും പരിമിതിയിലും നിന്നു കൊണ്ട് തന്നെ പറയട്ടെ, ലോകസാഹിത്യത്തോളം ഉയർന്നു നിൽക്കുന്ന മറ്റൊരു മലയാളി പ്രവാസിയുടെ നോവൽ എൻ്റെ വായനയിലൂടെ ഇതിനു മുമ്പൊരിക്കലും കടന്നു പോയിട്ടില്ല. രൂപഘടനയിൽ അത്രമേൽ ശ്രദ്ധാലുമായി എഴുത്തുകാരൻ സൂക്ഷ്മത പുലർത്തിയിരിക്കുന്നു. അതോടൊപ്പം തൻ്റെ ശില്പം മറ്റാരുടേയും രൂപസാദൃശ്യമില്ലാതെ മൗലികമായിരിക്കണമെന്ന നിർബന്ധ ബുദ്ധിയും അനന്ത് പത്മനാഭനുണ്ടെന്ന് വ്യക്തമാണ്.

മാനവ ചരിത്രത്തിന്റെ ചലനത്തിന് ഒരു നിശ്ചിത നിയമമുണ്ടെന്ന് പ്രഖ്യാപിച്ചത് മാർക്സാണ്. എഴുതപ്പെട്ട മനുഷ്യ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാക്യമാണ് ഈ മൗലികാശയത്തിന്റെ താക്കോല്‍ വാക്യം. സമൂഹത്തില്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ ചരിത്രത്തില്‍ സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, ചരിത്രത്തില്‍ നടന്ന സംഘട്ടനങ്ങളെല്ലാം ഉള്ളവരും ഇല്ലാത്തവരും തമ്മിലല്ല, ഉള്ളവരും ഉള്ളവരും തമ്മിലാണ്. ഇല്ലാത്തവര്‍ പലപ്പോഴും ഇരുപക്ഷത്തുമുള്ള ഉള്ളവരുടെ ഉപകരണങ്ങളായിരുന്നു. വര്‍ഗ്ഗപരമായ അഥവാ, സാമ്പത്തികമായ പ്രചോദനങ്ങളാല്‍ അല്ലാത്ത എത്രയോ സംഘട്ടനങ്ങള്‍ ചരിത്രത്തില്‍ ഉടനീളം കാണാന്‍ കഴിയും. 11-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന കുരിശു യുദ്ധങ്ങളുടെ പ്രചോദനം കേവലം സാമ്പത്തികമായിരുന്നില്ല. ഇന്നും സാമ്രാജ്യത്വം മൂന്നാം ലോകത്തിനു നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കു പിന്നിലുള്ളത് സാമ്പത്തിക പ്രചോദനങ്ങള്‍ മാത്രമല്ല.കാറൽ മാർക്സിനേയും മൂലധനത്തിനേയും മുറുകെ പിടിച്ച ഒരു ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി പ്രവാസത്തിലേക്ക് എടുത്തെറിയപ്പെടുന്ന കാലത്തിലൂടെയാണ് ഈ നോവലിൻ്റെ ആദ്യഭാഗം സഞ്ചരിക്കുന്നത്.

പണിയില്ലായ്മയും ഉള്ള ജോലിയ്ക്ക് കൂലി വളരെ കുറവുമായിരുന്ന ഒരു കാലത്ത് ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാനായിരുന്നു മനുഷ്യർ തൊഴിൽ തേടി അന്യദേശത്തേയ്ക്ക് പുറപ്പെട്ടുപോയത്. അതിൻ്റെ തുടർച്ചയായിരുന്നു ഗൾഫ് കുടിയേറ്റവും. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നാണ് ഏറെയും പേർ തൊഴിൽ തേടി അന്യ രാജ്യങ്ങളിൽ ചേക്കേറാൻ തുടങ്ങിയത്. ഗൾഫ് പ്രവാസം സാധ്യമായിരുന്നില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലും അരാജകത്വത്തിലും വഴുതി വീണുപോകാവുന്ന, ദരിദ്ര ജനവിഭാഗമായി മാറുമായിരുന്നു. കൊടിയ യാതനകൾ അനുഭവിക്കേണ്ടിവരുമായിരുന്നു. ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന അപ്ഡേറ്റഡ് ആയ ഒരു ജീവിത സാഹചര്യം ഒരുക്കിക്കൊടുത്തത് പ്രവാസം തന്നെയാണ്. റോസാമീരയിലെ കൃഷ്ണകുമാറിനെ പോലുള്ളവർ പ്രവാസിക്കിടയിലെ രക്തസാക്ഷികളാണ്. തൊണ്ണൂറുകളുടെ അവസാനത്തിൽ വന്നു ചേർന്ന ഒരാളുടെ പ്രവാസത്തിലുള്ളതെല്ലാം ഈ ഭാഗത്തിൽ നമ്മെ അനുഭവപ്പെടുത്തും. ഇത് ഞാൻ തന്നെയല്ലേയെന്ന് വായനക്കാരും സന്ദേഹിക്കും. ഒരു ദീർഘനിശ്വാസത്തോടെ സങ്കടപ്പെടും.

തൊണ്ണൂറുകളുടെ പ്രവാസം നോവലിൽ കടന്നു പോകുന്ന വിധം കൃഷ്ണകുമാറിൻ്റെ വാക്കുകളിലൂടെ: എല്ലാ വെള്ളിയാഴ്ചകളിലും ഷാർജ, റോള എന്ന സ്ഥലത്ത് മലയാളി നടത്തുന്ന ഒരു ചെറിയ ബുക്ക്സ്റ്റാളിൽ എത്തും അതായിരുന്നു എൻ്റെ മനസ്സിന് ഏറ്റവും ആശ്വാസവും ഉന്മേഷവും നൽകുന്ന ചില നിമിഷങ്ങൾ. അവിടെനിന്നും കലാകൗമുദി, മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ വാങ്ങിച്ചു നടക്കും... റോളാ പാർക്കിലേക്ക്. പാക്കിസ്ഥാനി, ബംഗ്ലാദേശി തുടങ്ങിയ പല രാജ്യങ്ങളിലേയും തൊഴിലാളികൾ ഒത്തുകൂടുന്ന സ്ഥലമാണ് റോളാ പാർക്ക്. അവരുടെ ഇടയിലൂടെ നടക്കുമ്പോൾ ഓരോ തവണയും ഓർത്തു പോകാറുണ്ട്; ജനിച്ച നാടും സ്വന്തം കുടുംബവും വിട്ട് അറബ് രാജ്യത്തെ ചുട്ടുപൊള്ളുന്ന വെയിലത്ത് കഷ്ടപ്പെട്ട് പണിയെടുക്കുന്ന പാവപ്പെട്ട ഈ തൊഴിലാളികളുടെ ദുര്യോഗത്തെക്കുറിച്ച്. ആറു ദിവസങ്ങൾ ആർക്കൊക്കെയോ വേണ്ടി വിയർപ്പൊഴുക്കി പണിയെടുത്തതിനു ശേഷം ഏഴാം ദിവസം വെള്ളിയാഴ്ചയുടെ സന്ധ്യകളിൽ അനുവദിക്കപ്പെട്ട ഈ ഏതാനും നിമിഷങ്ങൾ മാത്രമാണ് ഇവർക്ക് സ്വന്തം. ഇവിടെ അവർ തങ്ങളുടെ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നു, സൗഹൃദങ്ങൾ പങ്കുവെയ്ക്കുന്നു ' തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. നാട്ടിൽ ഉമ്മയോടും ഉപ്പയോടും ഭാര്യയോടും മക്കളോടും വികാരവായ്പ്പോടെ ആവേശത്തോടെ ഉറക്കെ ഉറക്കെ സംസാരിക്കുന്നു... അതെ, അങ്ങനെ ഇവർ തങ്ങളുടെ ജീവിതം അല്പമെങ്കിലും ആസ്വദിക്കുന്നു.

മറ്റൊരു കൂട്ടർ ജീവിതത്തിൻ്റെ നല്ല സമയങ്ങൾ തൻ്റെ നാടിനേയും പ്രിയപ്പെട്ടവരേയും കേവലം മൊബൈൽ എന്ന വിർച്വൽ ലോകത്തു മാത്രം നോക്കിയിരുന്ന് സായൂജ്യമടയുന്നു. കുടുംബമായി ജീവിക്കണമെങ്കിൽ ഗൾഫിലെ ക്രമാതീതമായി വർദ്ധിച്ച ജീവിതച്ചെലവുകളുടെ ഭാരം താങ്ങാനാവാതെ ക്രെഡിറ്റ് കാർഡ്, ലോൺ തുടങ്ങി കോർപറേറ്റുകളുടെ ചൂഷണങ്ങൾക്കു വിധേയരായി തീരാക്കടക്കെണിയിൽനിന്നും മോചനമില്ലാതെ ജീവിച്ചു തീർക്കുക. അതാണ് മഹാ ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ ജീവിത നിയോഗം.

എന്നാൽ പുസ്തകത്തിൻ്റെ രണ്ടാം ഭാഗം നോവലിനെ മറ്റൊരു ക്ലാസിക് തലത്തിലേയ്ക്ക് ഉയർത്തുന്നു. 'സഹജ ഗ്രാമം' എന്ന ചിന്തയാണത് മുന്നോട്ട് വെയ്ക്കുന്നത്.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ വസിക്കുന്നുവെന്നാണ് ഗാന്ധിജി വിശ്വസിച്ചിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വികസനമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ കേന്ദ്ര ബിന്ദുവായിരുന്ന ഗ്രാമ സ്വരാജ് അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വയം പര്യാപ്തമായിരിക്കുക എന്നുള്ളതാണ് ഗ്രാമ സ്വരാജ് ലക്ഷ്യമിടുന്നത്. രാഷ്ട്രത്തിന്റെ അന്തിമാധികാരത്തിനു കീഴ്പ്പെട്ട ജനതയായിരുന്നില്ല ഗാന്ധിയുടെ സ്വപ്നം. അത് ജനങ്ങളുടെ ഇച്ഛയിലും അവരുടെ സക്രിയമായ കര്‍ത്തൃത്വത്തിലും അടിയുറച്ച ഒന്നായിരുന്നു. എല്ലാവിധ പരമാധികാരത്തിനും എതിരായ മാനുഷികേച്ഛയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രകാശനസ്ഥാനമായിരുന്നു ഗാന്ധിയുടെ 'സ്വരാജ്'. ഗാന്ധിജി കണ്ട ആ സ്വപ്നത്തെ കാലങ്ങള്‍ക്കിപ്പുറം, സഹജ ഗ്രാമം എന്ന ആശയത്തിലൂടെ, അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് ഈ കൃതിയിലൂടെ.

നമ്മുടെ മുന്നിലുള്ള വർത്തമാനകാല മനുഷ്യജീവിതത്തിന് ഒരു കരുതൽ. ഭൂതകാലം മരിച്ചുപോയ ചരിത്രത്തിൻ്റെ ഓർമ്മകൾ മാത്രമാണ്‌. ഭാവിയോ? അതു കേവലം മനുഷ്യൻ്റെ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും നിഗമനങ്ങളും മാത്രം. ഭാവിയെക്കുറിച്ച് ആർക്കാണ് കൃത്യമായി പ്രവചിക്കാൻ കഴിയുക? അതെ, വർത്തമാനകാലം മാത്രമാണ് മനുഷ്യനു തൊട്ടറിയാൻ കഴിയുന്ന ഒരേയൊരു യാഥാർത്ഥ്യം. എന്നോ നടക്കാൻ സാദ്ധ്യതയുള്ള ലോക വിപ്ലവത്തിനുവേണ്ടിയുള്ള അനിശ്ചിതമായ കാത്തിരിപ്പിനു പകരം കാൽപ്പനിക ചിന്തകളിൽ നിന്നും കേവലമായ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളിൽ നിന്നും തികച്ചും വിഭിന്നമായി ഈ വർത്തമാന കാലത്തിൽതന്നെ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകൾക്ക്, ചെറുകമ്മ്യൂണുകളായി ഉദാത്തമായ ആശയങ്ങളെ പ്രാവർത്തികമാക്കാൻ കഴിയും എന്നു തെളിയിക്കുന്നതാണ് സഹജഗ്രാമങ്ങളുടെ ഏറ്റവും നൂതനമായ പ്രയോഗരീതി.

ഒരു പുത്തൻ മാനവികതയിലേക്ക് മനുഷ്യരാശിയെ നയിക്കാനുതകുന്ന സാമൂഹിക വിപ്ലവത്തിൻ്റെ വിത്തുകൾ വിതയ്ക്കുകയും; അതിൽ നിന്നും പൊട്ടി മുളയ്ക്കുന്ന മുകുളങ്ങളെ അതീവ ശ്രദ്ധയോടെ വളർത്തി, 'ഒരു പുതിയ വസന്തത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നവർ. ഉദാത്തമായ ആശയങ്ങളെ സ്വന്തം ആത്മീയമായ ഇച്ഛാശക്കികൊണ്ട് സുഗന്ധം പരത്തുന്ന പുഷ്പങ്ങളാക്കി വിരിയിക്കാൻ കഴിവുള്ള മിസ്റ്റിക്കൽ താന്ത്രികരായ സഖാക്കളുടെ ആവാസ കേന്ദ്രം. കുടുംബം, സ്വകാര്യ സ്വത്ത് എന്ന ഫ്യൂഡൽ, ബൂർഷ്വാ, ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതികളെ രാഷ്ട്രീയവും ആത്മീയവുമായ. ഇച്ഛാശക്തികൊണ്ട് മറികടന്ന്, ജൈവ പരിണാമത്തിൻ്റെ ഉത്തരാധുനികതയിലേക്ക് പ്രയാണം ചെയ്യുന്നവരാണ് ഇവർ.

ലോകത്തെ വസുധൈവകുടുംബകമായി വിശേഷിപ്പിക്കുകയും അതേ സമയം പ്രായോഗിക ജീവിതത്തിൽ മനുഷ്യകുലത്തെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ വിഭജിക്കുകയും പ്രകൃതി എന്ന പൊതു സ്വത്തിനെ സ്വകാര്യ സ്വത്തായി കൈയടക്കി വെക്കുകയും ചെയ്യുന്ന കപട മതവാദികളിൽ നിന്നും തികച്ചും വിഭിന്നരായി മതേതരമായ ഏകലോക സങ്കല്പം സ്വന്തം ആത്മാവിലും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഒരുപോലെ ആവിഷ്ക്കരിച്ചു നടപ്പിലാക്കി സ്വയം മാതൃകയായി ജീവിക്കുന്നവരാണ് സഹജ ഗ്രാമവാസികൾ. ഇവർ ചരിത്രത്തെ മുന്നോട്ടു നയിക്കുന്നവർ !

സഹജഗ്രാമം ഒരു പരീക്ഷണമാണ്. ഋണദുഃഖം, കുടുംബ ബന്ധങ്ങളിൽ ഉയർന്നു വരുന്ന പ്രതിസന്ധികൾ, രോഗാതുരതയിൽ നിന്നുള്ള വേദനകൾ, വ്യക്തികളുടെ ക്രിമിനൽ വാസനകൾ മുഖേന സഹജീവികൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ തുടങ്ങി, അന്വേഷണ കുതുകികളായ മനുഷ്യരിൽ ഉണ്ടാകുന്ന ദാർശനിക വ്യഥകളെ കുറിച്ചുപോലും ശാസ്ത്രീയമായും മനഃശാസ്ത്രപരമായും ദാർശനികമായും ആത്മീയമായും അന്വേഷിക്കുകയും പരീക്ഷിക്കുകയും പരിഹാരം തേടാൻ ശ്രമിക്കുകയും ചെയ്യുന്ന ഉത്തരാധുനികമായ ജീവിതരീതികളെ തുറന്ന മനസ്സോടെ അന്വേഷിക്കുന്ന ഒരു സാമൂഹ്യജീവിതക്രമമാണ് സഹജ ഗ്രാമത്തിലേത്. പരസ്പര സ്നേഹത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു പുതിയ ലോകക്രമത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഒരാളുടെ ജീവിതവും ഭാവിയും അവൻ്റെ ജീനുകൾ നിർണ്ണയിക്കുന്നു എന്നായിരുന്നു ശാസ്ത്രം ഒരിക്കൽ വിശ്വസിച്ചിരുന്നത്. എന്നാൽ, ഇന്ന്, ജീവിക്കുന്ന പരിസ്ഥിതി അവൻ്റെ ജനിതകഘടനകളെ സ്വാധീനിക്കുന്നു എന്ന പുതിയ ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പ്രകൃതിക്കും പരിസ്ഥിതിക്കും പരമ പ്രാമുഖ്യം നൽകുന്ന ജീവിത സംസ്കാരമാണ് ഇവിടെ രൂപപ്പെടുത്തിയെടുക്കുന്നത്‌.

സഹജഗ്രാമം ഒരു രാജ്യമല്ല. രാജ്യത്തിന് അതിരുകളും നിയമത്തിൻ്റെ പരിധികളുമുണ്ട്. അതിരുകളില്ലാത്ത മനസ്സുകളുടെ അതിരുകളില്ലാത്ത സമൂഹമാണ് സഹജഗ്രാമം. അതൊരു ജീവിതരീതിയും സംസ്കാരവുമാണ്.

വരും തലമുറയെ കുറിച്ചും സഹജ ഗ്രാമം സ്വപ്നം കാണുന്നുണ്ട്. കുട്ടികളെ എന്ത് പഠിപ്പിക്കണം എങ്ങനെയുള്ള ജീവിത സാഹചര്യങ്ങളിൽ വളർത്തണം എന്ന ഉദാത്തമായ ഉത്തരവാദിത്വമാണ് സഹജഗ്രാമം ഏറ്റെടുത്തിട്ടുള്ളത്. ഹിന്ദു രാഷ്ട്രവും ഇസ്ലാമിക രാജ്യവും യേശുവിൻ്റെ ലോകവും പണിയാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് മനുഷ്യവംശത്തെ വിഭജിച്ചു കൊണ്ടിരിക്കുന്ന മതപഠനത്തിനു പകരം മനുഷ്യരെ ഒന്നിപ്പിക്കുന്ന ആത്മീയമായ ഉൾക്കാഴ്ചയുള്ള; സർവ്വചരാചരങ്ങളേയും ഉൾക്കൊള്ളുന്ന പ്രകൃതിയെക്കുറിച്ചാണ് സഹജ ഗ്രാമത്തിലെ അടിസ്ഥാന വിദ്യാഭ്യാസ പാഠങ്ങൾ. പണമുണ്ടാക്കാനുള്ള മത്സര പരീക്ഷകളിൽ എങ്ങനെ പാസ്സാവണമെന്നതല്ല സഹജ ഗ്രാമത്തിലെ പൊതു വിദ്യാഭ്യാസനയം. ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വൈവിധ്യമാർന്ന സർഗ്ഗാത്മകതകളെ സൂക്ഷ്മമായി നിരീക്ഷിച്ചറിഞ്ഞും അതു വളർത്തിയെടുത്തും വ്യക്തിത്വ വികാസത്തിനും സാമൂഹിക വികസനത്തിനും ഒരു പോലെ ഉപയുക്തമാക്കുന്ന രീതിയിലുള്ള സമഗ്രമായ വിദ്യാഭ്യാസ പദ്ധതികളാണ് സഹജഗ്രാമം ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ പുതുവസന്തം വിരിയിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെ സങ്കൽപ്പത്തിൽ നിന്നും ബീജാവാപം ചെയ്തവരാണ് സഹജഗ്രാമത്തിലെ നവ മുകുളങ്ങളായ കുഞ്ഞു ഹൃദയങ്ങൾ.

റോസാമീരയെന്ന തൻ്റെ ആദ്യ പുസ്തകത്തെകുറിച്ചും സഹജഗ്രാമം എന്ന സങ്കല്പത്തെകുറിച്ചും എഴുത്തുകാരൻ്റെ അടയാളപ്പെടുത്തൽ താഴെ കുറിക്കുന്നു:


പശ്ചിമഘട്ട മലനിരകൾ എന്ന വെളിറ്റബിൾ കിങ്ങ്ഡം കടന്നു, എനിമൽ കിങ്ങ്ഡവും താണ്ടി, മനുഷ്യജീവിതത്തിൻ്റെ ആവാസവ്യവസ്ഥിതിയിലൂടെ കടന്നു പോയി, അവസാനം, സ്പ്ലെൻറർ ലേക്കിൽ നീന്തി കുളിച്ച്, ആറാമിന്ദ്രിയ തലത്തിലൂടെ, നിത്യമായ പ്രകാശലോകത്തേക്ക് എത്തുന്ന, മനുഷ്യജീവിതങ്ങളുടെ ജൈവ പരിണാമയാത്ര പോലെയാണ് സഹജ ഗ്രാമത്തിൻ്റെ പ്രതീകാത്മകവും അതി മനോഹരവുമായ രൂപനിർമ്മിതി. ഈ ജീവിത പ്രയാണത്തിൽ, പലരുടേയും അന്വേഷണയാത്ര പല ഘട്ടങ്ങളിലായി അവസാനിച്ചേക്കാം. പിന്നെയും യാത്ര പുനരാരംഭിക്കും... ജീവൻ്റെ യാത്രകൾ അങ്ങനെ അനന്തമായി തുടർന്നു കൊണ്ടേയിരിക്കും. എന്നാൽ, ഇവരിൽ അപൂർവ്വങ്ങളിൽ അപൂർവ്വം ചിലർ മാത്രം ആവർത്തന വിരസവും ചാക്രികവുമായ, ഈ ജൈവതാള നിയമങ്ങളെ ഭേദിച്ചു, ഭ്രമണപഥത്തിൽ നിന്നും തെറിച്ചു മാറി നിത്യമായ പ്രകാശ ലോകത്തെ പ്രാപിക്കും. അതുപോലെ, ഒരു പക്ഷേ, പലരുടേയും വായനായാത്ര വൈകാരിക വായനയുടെ ഒന്നാം ഭാഗം അവസാനിക്കുന്നതോടെ ഉപേക്ഷിച്ചേക്കാം. മറ്റു ചിലർ പൊളിറ്റിക്കലും ബൗദ്ധികവുമായ ഇ വായനക്കപ്പുറത്തേക്ക് പ്രവേശിക്കാൻ ഇഷ്ടപ്പെട്ടു എന്നും വരില്ല. അപൂർവ്വം ചിലർ മാത്രമേ, ഒരു പക്ഷേ, ഈ പുസ്തകം മുഴുവനായും വായിച്ചു എന്നു വരുള്ളു. അതു തികച്ചും സ്വാഭാവികം. എന്നാൽ, വായന ഇടയ്ക്കു വെച്ചു നിർത്തിപ്പോയ ഒരാൾ ജീവിതയാത്രയുടെ മറ്റൊരവസത്തിലെപ്പോഴെങ്കിലും ഈ പുസ്തകത്തിൻ്റെ തുടർവായനയോ പുനർവായനയോ നടത്തിയേക്കാം... നടത്തും എന്നു തന്നെയാണെൻ്റെ പ്രതീക്ഷ.., പ്രാർത്ഥന...

റോസാമീര പകുതിയോളം വായിച്ചു കഴിഞ്ഞപ്പോൾ കവി സച്ചിദാനന്ദൻ അനന്ത് പത്മനാഭന് എഴുതി: "വൈകാരികമായി എന്നെ അഗാധമായി സ്പർശിച്ചിരിക്കുന്നു. " പിന്നെ, മുഴുവൻ വായിച്ചു കഴിഞ്ഞ ആ രാത്രി, വീണ്ടും എഴുതി: "രാജശേഖരൻ്റെയും അയ്യപ്പപ്പണിക്കരുടെയും അവതാരികകൾ മാറ്റി വെച്ച് ഇന്നലെയും ഇന്നുമായി ബാക്കി ഭാഗങ്ങൾ ശ്രദ്ധിച്ചു വായിച്ചു. നാളെ അവതാരിക എഴുതും. കുറിപ്പുകൾ എടുത്തിട്ടുണ്ട്. ഞാൻ ഏറ്റവുമധികം വായിച്ചിട്ടുള്ളത് നോവലുകളാണ്, എന്നാൽ ഇതേവരെ നോവലിനെക്കുറിച്ച് എഴുതുകയോ ഒരു നോവലും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല - കവിതകളും കഥകളും മാത്രമേ പഠന വിഷയമായിട്ടുള്ളു. രൂപമില്ല, പക്ഷേ ഞാൻ എഴുതും, നാളത്തെ ദിവസം ഞാൻ അതിനു മാറ്റി വെച്ചിരിക്കുന്നു.

ഇരുപത് പേജുള്ള നോവലിൻ്റെ അവതാരിക, സച്ചിദാനന്ദൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: അതെ, ആനന്ദ്, ഞാനും, നിരാശഭരിതനായ ഒരു വൃദ്ധനായി മരിക്കാതിരിക്കാനെങ്കിലും, ഈ വിശ്വാസം പങ്കിടാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഒരാളെക്കൂടി നിങ്ങളുടെ സഹജഗ്രാമത്തിൽ ചേർക്കുക.
സ്നേഹപൂർവ്വം,
സച്ചിദാനന്ദൻ.


നോവൽ വായിച്ചു കഴിയുമ്പോൾ
സഹജ ഗ്രാമം എന്ന സങ്കല്പം ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു. ഗാന്ധിജിയുടെ ഗ്രാമ സങ്കല്പവും, മാർക്സിൻ്റ സമത്വ സങ്കല്പവും ഒത്തുചേരുന്ന ഒരിടത്ത് ഒരേ വേവ് ലെങ്ത്തുള്ള കുറേ മനുഷ്യരുടെ കൂടെ ജീവിക്കുക എന്നതിനപ്പുറം ജീവിതത്തിൽ ആഹ്ലാദവും ശാന്തിയും മറ്റെന്താണ്. അനന്ത് പത്മനാഭൻ, ഞാനും, സഹജ ഗ്രാമത്തിൽ ചേരാൻ ആഗ്രഹിക്കുന്നു.സ്നേഹപൂർവ്വം,
രമേഷ് പെരുമ്പിലാവ്.


2021 ൽ പുറത്തിറങ്ങിയ 546 പേജുള്ള, എന്നാൽ അഞ്ഞൂറ് രൂപ മാത്രം വിലയുള്ള ഈ വലിയ നോവലിൻ്റെ പ്രസാധകർ ഗൂസ്ബെറി ബുക്സാണ്. തൃശൂർ ജില്ലയിൽ തളിക്കുളം നാട്ടിക സ്വദേശിയായ അനന്ത് പത്മനാഭൻ 1994 മുതൽ യു.എ.ഇ.യിൽ ഗ്രാഫിക്ക് ഡിസൈനറായും, ആർട്ട് ഡയറക്ടറായും ജോലി നോക്കി വരുന്നു. ആദ്യ പുസ്തകമാണ് റോസാമീര