അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം. തുടർച്ചയായ രണ്ടാം ദിവസമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി.
രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടതോടെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും ഡ്രോണുകളെ തുരത്തുകയും ചെയ്തു. നിലവിൽ പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പാക് പ്രകോപനമുണ്ടായിരിക്കുന്നത്.