ശബരിമല സ്വർണക്കൊള്ള കേസ്; പദ്മകുമാർ റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും കോന്നി മുന്‍ എംഎല്‍എയുമായ എ. പദ്മകുമാറിനെ റിമാൻഡ് ചെയ്തു. വിജിലൻസ് കോടതി 14 ദിവസത്തേക്കാണ് പത്മകുമാറിനെ റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജയിലിലാണ് വാസം.
ശ്രീകോവിലിന്‍റെ കട്ടിളയിലെ സ്വർണം കവർന്ന കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്എടി) 2019ൽ പ്രസിഡന്‍റായിരുന്ന പദ്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ ഇദ്ദേഹം എസ്ഐടിക്കു മുന്നില്‍ ഹാജരായി. എസ്പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഒന്നാം പ്രതിയായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോദിച്ചത്. 2019ല്‍ സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളും കട്ടിളകളും അറ്റകുറ്റപ്പണിക്ക് പോറ്റി കൊണ്ടുപോകുമ്പോള്‍ പ്രസിഡന്‍റായിരുന്നത് പദ്മകുമാറാണ്. പോറ്റിയെ സഹായിക്കാന്‍ പദ്മകുമാര്‍ നിര്‍ബന്ധിച്ചെന്ന് ദേവസ്വം ജീവനക്കാര്‍ എസ്എടിക്ക് മൊഴി നല്‍കിയിരുന്നു.