ശബരിമല ദര്‍ശനം നടത്തി ദിലീപ്
പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചര്‍ച്ചയാകുന്നതിനിടെയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇന്നു രാവിലെയാണ് ദിലീപ് സന്നിധാനത്തെത്തിയത്.
തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട് ദിലീപ് ചര്‍ച്ച നടത്തി. ദേവസ്വം ഉദ്യോഗസ്ഥരുമായും ദിലീപ് ചര്‍ച്ച നടത്തി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരം. ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ തവണ ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ വിഐപി പരിഗണന നല്‍കിയത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ദിലീപിന് ശ്രീകോവിലിന് മുന്നില്‍ 10 മിനിറ്റോളം ദര്‍ശനത്തിന് അനുവദിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ശബരിമല ദര്‍ശനത്തിനെത്തുന്ന വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കേസിൽ വിധി വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ദിലീപ് പൊന്നുംകുടം വഴിപാടായി സമർപ്പിച്ചിരുന്നു .