മഴത്തുള്ളിതൻ യാത്ര: ബാലകഥ; പ്രശാന്ത് പഴയിടം

Nov 20, 2025 - 19:40
Nov 20, 2025 - 19:43
 0  17
മഴത്തുള്ളിതൻ യാത്ര: ബാലകഥ;  പ്രശാന്ത് പഴയിടം
ഒരു മേഘശകലത്തിൽ നിന്നും പൊഴിഞ്ഞൊരു മഴത്തുള്ളി ഭൂമിയിലേക്കുള്ള സ്വപ്നങ്ങളാൽ നിറഞ്ഞ യാത്ര ആരംഭിച്ചു. പച്ചപുതച്ച പർവ്വതങ്ങൾ തഴുകി, കൂറ്റൻ വൃക്ഷങ്ങളുടെ ഇലകളിൽ തലോടി, പൂക്കളെ ചുംബിച്ച്, പുഴകളിൽ നീരാടിയാണ് അവൾ കടലിന്റെ തിരമാലകളിൽ ലയിക്കാനുള്ള ആഗ്രഹത്തോടെ മുന്നേറിയത്.
പക്ഷേ നിയോഗം വേറെയായിരുന്നു—
അവൾ ചിന്തിച്ച പച്ചപ്പിലേക്കല്ല, അവളെ അയച്ചത് ചുട്ടുപഴുത്ത ഒരു മരുഭൂമിയിലേക്കായിരുന്നു.
സ്വപ്നങ്ങളെ മറന്ന്, ഒട്ടും താൽപ്പര്യമില്ലാത്ത ദിശയിൽ, അവൾ മന്ദഗതിയിൽ മരുഭൂമിയിലേക്ക് പതിച്ചു.
അവളോടൊപ്പം വേറേയും ആയിരം മഴത്തുള്ളികൾ.
അവർ ഒന്നിച്ച് ഒരു പേമാരിയായി പെയ്തിറങ്ങി.
മരുഭൂമിയുടെ ചൂടൻ മണൽ തരികളെ അവർ ഈറനണിയിച്ചു, ശ്വാസം പകരുന്നപോലെ.
പച്ചപ്പുൽ മേടുകളിൽ മഞ്ഞുതുള്ളിയായ് തിളങ്ങാൻ ആഗ്രഹിച്ച മഴത്തുള്ളി, മരുഭൂമിയുടെ ഏകാന്തതയിൽ നിരാശനായി നിൽക്കുമ്പോഴായിരുന്നു അവിടെ അത്ഭുതം സംഭവിച്ചത്—
അവിടെ പ്രതീക്ഷയുടെ ചെറിയ വേരുകൾ പൊട്ടി പുറത്തെത്തി.
പച്ചപ്പിന്റെ പൊടിപ്പുകൾ വളർന്നു, തളിർത്തു , പൂത്തു…
മരുഭൂമി പതിയെ ഒരു പൂങ്കാവനമായി മാറി.
അവൾ അറിഞ്ഞു കനവിന്റ പ്രതീക്ഷ യുടെ പൂമഴ ആയതിന്റെ സുഖം.