ഗ്രാമമല്ലാത്ത എന്റെ ഗ്രാമം: സപ്ന അനു ബി ജോർജ് 

ഗ്രാമമല്ലാത്ത എന്റെ ഗ്രാമം: സപ്ന അനു ബി ജോർജ് 


ഗ്രാമത്തിന്റെ ഗന്ധവും സ്വഭാവവും ഇല്ലാത്ത ‘ ഗ്രാമം’ എന്നാണ് ഞാന്‍ ‘എന്റെ ദേവലോകത്തെ’ വിളിക്കുന്നത്. കോട്ടയം പട്ടണത്തിന്റെ കോണിൽ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാ സ്വഭാവ-വിശേഷണവുമുള്ള എന്റെ ഗ്രാമം.
പാടവും വയലും, തൊടിയും കുളവും, ആറും തോടും, കൊയ്ത്തും കൊയ്ത്തുപാട്ടും ഉള്ള, എന്റെ ‘ദേവലോകം’. ഗ്രാമത്തിന്റെ ഒത്ത നടുക്ക് അങ്ങ് ദൂരെ ദൂരെ നിന്നു പോലും കാണാവുന്ന പാത്രിയാകീസ് അരമനയുടെ പള്ളിക്കുരിശ്. പഴയ ക്രിസ്തീയ തറവാടുകളുടെ ഒരു വലിയ ശേഖരം, ഉറച്ച കരിങ്കൽ മതിലു പോലെ എന്റെ ഗ്രാമത്തിനുറപ്പേകുന്നു. മാധ്യമലോകത്തിൽ അതിസജീവമായ ഒരു കുടുംബം, ആയുർവേദത്തിന്റെ ഏടുകൾ അതീവ ശ്രദ്ധയോടെ ഉരുത്തിരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു കുടുംബം. പിന്നീട് ഇടത്തും വലത്തുമായി, കുടുംബ പാരമ്പര്യത്തിന്റെ മുത്തുക്കുടകൾ ഉള്ള പലവീടുകളും ഉണ്ട്. ഇതിനൊക്കെ ഇടയ്ക്ക്, തെളിഞ്ഞ അതിരാവിലെകളിൽ, അങ്ങു ദൂരെ പീരുമേടിന്റെ മലനിരകൾ കാണാം.അങ്ങു താഴെ കൊല്ലാടു ഭാഗത്തെ വയലുക‍ളും കൊടൂരാറും മുട്ടിയുരുമ്മിക്കിടക്കുന്നു. യാക്കോബായപ്പള്ളിയുടെ ഇടതുവശത്തായി N.G.O ക്വാർട്ടേഴ്സിന്റെ നിര നിരയായ വീടുകളും, ഇന്ദിരാനഗറിന്റെ ഒരേനിരകെട്ടിടങ്ങളും, ഒരുമിച്ചു കൈകോർത്ത്പിടിച്ച് ചെറിയ മല‍ഞ്ചരുവിൽ ചാരിക്കിടക്കുന്നു. ഇതിനിടെ ഗവണ്മെന്റ് സ്കൂളിന്റെ മണിയടി ശബ്ദവും, ദേവലോകം പ‍ള്ളിയുടെ കയറ്റം കയറിവരുന്ന ട്രാന്‍സ്‍പോർട്ട്  ബസ്സിന്റെ ഏക്കം വലി ശബ്ദവും, ദേവലോകത്തെ ഗ്രാമമല്ലാതാക്കുന്നു. 
പള്ളി ബസ്സ്റ്റോപ്പിന്റെ മുൻപിലുള്ള കൃഷ്ണന്റെ ചായക്കടയും,അവിടുത്തെ റേഡിയോയിലെ ആകാശവാണിയും, കുന്തക്കാലിൽ ഇരുന്നു പത്രം വായിക്കുന്ന പത്രോസുചേട്ടനും, ബീഡി  വലിച്ചു തള്ളുന്ന കരണച്ചേട്ടനും, ഇതെല്ലാം കൂടിച്ചേർന്ന്, ഒരു ഗ്രാമത്തിന്റെ എല്ലാ സൌന്ദര്യവും എന്റെ ഗ്രാമത്തിനുണ്ട്. വയലും കുളവും ഇന്നത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവക്കിടയിൽ പഴയ പുരാതനമായ അറയും നിരയും മച്ചും ഉള്ള വീടുകൾ ധാരാളമാണ്. കൂടെ, ഓരം ചാരി, വീടിന്റെ ഒരു ‘extra'മുറി പിടിക്കുന്നതിന്റെ കൂട്ടത്തിൽ വന്ന ‘ബേക്കർ കണ്‍സ്‌ ട്രക്ഷൻ‘ ഏച്ചു കെട്ടുള്ളവയുമുണ്ട്. സാത്വിക സൌന്ദര്യത്തിന്റെ മൂടൽമഞ്ഞിൽ പൊതിഞ്ഞ എന്റെ കൊച്ചു വലിയ ഗ്രാമം. 

ഈ വഴിയിലൂടെ നടക്കുമ്പോൾ‍ ഇന്നും, എനിക്ക് നഷ്ടങ്ങൾ മാത്രം നല്‍കി കടന്നുപോയ ഈ ഗ്രമത്തെ, വേദനയോടെ ഞാൻ ആശ്ലേഷിക്കാറുണ്ട്. എന്റെ മന‍സ്സുകൊണ്ട്. മഴതോർന്ന് പല സന്ധ്യകളിലും സ്വപ്നത്തിന്റെ തണുപ്പിൽ സ്നേഹത്തിന്റെ ആർദ്രതയിൽ, ഞാൻ ഓർക്കാറുണ്ട്. എന്റെ വേദനകളെ മനസ്സിലേക്ക്‌ ഒപ്പിയെടുത്ത കൈകളേയും തട്ടിയകറ്റി, തേങ്ങുന്ന മനസ്സുമായി ഞാൻ നടന്നകന്നു, പലപ്പോഴും. നഷ്ടപ്പെടലുകളുടെ ആ കഥകൾ എനിക്കിനിയും ഓർക്കാൻ വയ്യ. പക്ഷെ വീണ്ടും, തനിച്ചാകുമ്പോൾ എന്തൊയ്ക്കെയോ ആരോടൊയ്ക്കെയോ പറയാന്‍ വല്ലാതെ തിങ്ങുന്നുണ്ടു മനസ്സിൽ. എന്തെന്നറിയില്ല, ആരോടെന്നറിയില്ല... ഇപ്പോൾ ഈ കഥ പറയാൻ വാക്കുകൾക്കായി ഒരുപാടു തിരയേണ്ടി വരുന്നു. ഒരു പക്ഷേ പറയാതെ ഇരുന്നു ദ്രവിച്ച്, എന്റെ വാക്കുകളും എനിക്കു നഷ്ടപ്പെടുകയായിരിയ്ക്കാം...

അർദ്ധോക്തിയിൽ നിർത്തിപ്പോയ ഗ്രാമവർണന...സ്വപ്നഭൂമിയെക്കുറിച്ചു തുടർന്നെഴുതുന്നു..ഒരുമാതിരി എല്ലാ ഗ്രാമങ്ങളും ഇതുപോലെയൊക്കെയല്ലേ? ഗ്രാമങ്ങളുടെ മുഖഛായ മാറി മറിയുകയാ‍ണ്!നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത് വേദനയോടെ മനസ്സിലാവുന്നു! വികസനമല്ല - വികസനമെന്നും പറഞ്ഞ് കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍, എങ്കിലും എന്റേതെന്നു വിശേഷിപ്പിക്കാ വുന്ന, ഞാന്‍ മാത്രം, മനസ്സിലാക്കിയ എന്റെ, ഗ്രമമല്ലാത്ത, കൊച്ചു വലിയ ഗ്രാമം.